മുണ്ടക്കയത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസ്സിന്‌ തീ പിടിച്ചു, ബസ്സ് പൂർണ്ണമായും കത്തി നശിച്ചു, ഒഴിവായത് വൻ ദുരന്തം.


മുണ്ടക്കയം: മുണ്ടക്കയത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസ്സിന്‌ തീ പിടിച്ചു, ബസ്സ് പൂർണ്ണമായും കത്തി നശിച്ചു. ചൊവ്വാഴ്ച പുലർച്ചെ 3 മണിയോടെ മുണ്ടക്കയം ബസ്സ് സ്റ്റാൻഡിനു സമീപമാണ് അപകടം ഉണ്ടായത്.

 

 കുമളി ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സ്  മുണ്ടക്കയം എത്തിയപ്പോൾ ടയർ പൊട്ടുകയും തീപിടിക്കുകയുമായിരുന്നു. ടയർ പൊട്ടി പുക ഉയരുന്നത് കണ്ടു ഉടനെ തന്നെ ബസ്സ് നിർത്തി പരിശോധിക്കുന്നതിനിടെയാണ് തീ പടർന്നത്. അപകടം മനസ്സിലാക്കി ജീവനക്കാർ മുഴുവൻ യാത്രക്കാരെയും പുറത്തിറക്കിയിരുന്നു.  കാഞ്ഞിരപ്പള്ളിയിൽ നിന്നും 2 യൂണിറ്റി അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. സ്ത്രീകളും കുട്ടികളും അടക്കം 45 അംഗ സംഘമാണ് ബസിലുണ്ടായിരുന്നത്.യാത്രക്കാരുടെ ബസിലുണ്ടായിരുന്ന വസ്തുവകകളെല്ലാം കത്തി നശിച്ചു. ഹൈവേ പോലീസടക്കം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. തീ ഉയർന്നതോടെ സമീപത്തെ വൈദ്യുത ലൈനുകളും കത്തി നശിച്ചു.