ഈരാറ്റുപേട്ടയിൽ പുരയിടത്തിലെ കരിയില കത്തിക്കുന്നതിനിടെ തീ പടർന്ന് ഗൃഹനാഥന് ദാരുണാന്ത്യം.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ പുരയിടത്തിലെ കരിയില കത്തിക്കുന്നതിനിടെ തീ പടർന്ന് ഗൃഹനാഥന് ദാരുണാന്ത്യം. ഈരാറ്റുപേട്ട പൂവത്തോട് പൊരിയത്ത് ബേബി(69) ആണ് മരിച്ചത്.

 

 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിയോടെയായിരുന്നു സംഭവം. പുരയിടത്തിലെ കരിയില കൂട്ടിയിട്ടു  കത്തിക്കുന്നതിനിടെ തീ പടർന്ന് പിടിക്കുകയായിരുന്നു. തീ പടർന്നു പിടിച്ചതോടെ മൂന്നേക്കറോളം സ്ഥലത്തേക്ക് തീ വ്യാപിക്കുകയായിരുന്നു. തീ ആളിപ്പടരുന്ന കണ്ട നാട്ടുകാരാണ് അഗ്നിരക്ഷാ സേനയിലും പോലീസിലും വിവരമറിയിച്ചത്. അഗ്നിരക്ഷാ സേനയെത്തി തീ അണച്ചെങ്കിലും ബേബിയുടെ ജീവൻ രക്ഷിക്കാനായില്ല. പടർന്നു പിടിച്ച തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തിടനാട് പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.