പാലാ: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ പോര് ശക്തമാകുന്നു. ഇടത്-വലത് മുന്നണികളുടെ അഭിമാന പോരാട്ടമായി മാറിയിരിക്കുകയാണ് പാലാ നിയോജകമണ്ഡലം. കൈവിട്ട പാലാ മണ്ഡലം ഏതുവിധേനയും തിരികെ പിടിക്കാനാണ് കേരളാ കോൺഗ്രസ്സ് എം ശ്രമിക്കുന്നത്.

അതേസമയം പൊരുതി നേടിയ സീറ്റ് വിട്ടുകൊടുക്കാതിരിക്കാനുള്ള ശ്രമത്തിലാണ് മാണി സി കാപ്പൻ. ഇരുവരുടെയും പ്രവർത്തകർ തമ്മിൽ സമൂഹമാധ്യമങ്ങളിൽ വാക്പോരും സൈബർ യുദ്ധങ്ങളും ആരംഭിച്ചു കഴിഞ്ഞു. പാലായിൽ കാപ്പൻ വികസനമെത്തിച്ചില്ല എന്ന് ഇടതുപക്ഷക്കാർ പറയുമ്പോൾ പാലായുടെ വികസനത്തിന് ജോസ് കെ മാണി തടസ്സം നിന്നു എന്നാണു കാപ്പൻ വിഭാഗം പറയുന്നത്. പാലാ സീറ്റിൽ ജോസ് കെ മാണി മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നു. യു ഡി എഫ് സ്ഥാനാർത്ഥിയായി മാണി സി കാപ്പനും എൽ ഡി എഫ് സ്ഥാനാർത്ഥിയായി ജോസ് കെ മാണിയും ബി ജെ പി സ്ഥാനാർത്ഥിയായി ഷോൺ ജോർജ്ജും കൂടി എത്തുന്നതോടെ പാലായിൽ പോരാട്ടം ശക്തമാകും. കാപ്പനും ജോസിനും പാലായിലെ വിജയം ഇത്തവണ "പ്രസ്റ്റീജ് ഇഷ്യൂ" ആണ്. മുൻ വര്ഷങ്ങളിലേതു പോലെ ജോസ് കെ മാണിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന പതിവ് രീതി തന്നെയാണ് ഇത്തവണയും മാണി സി കാപ്പൻ തുടരുന്നത്. കേന്ദ്ര പദ്ധതികളും സംസ്ഥാന പദ്ധതികളും പാലായുടെ വികസനത്തിനാവശ്യമായ ഫണ്ടുകളും എത്തിച്ചു എന്ന് ജോസ് കെ മാണി അവകാശപ്പെടുന്നുണ്ട്. കൂടുതൽ സമയവും പാലായുടെ മണ്ഡലത്തിൽ തന്നെയായിരുന്നു ജോസ് കെ മാണിയുടെ പ്രവർത്തനം. തെരുഞ്ഞെടുപ്പടുത്തതോടെ വാക്പോരും രൂക്ഷമായിരിക്കുകയാണ്. മേഖലയിലെ ന്യുനപക്ഷ, ക്രിസ്ത്യൻ, യുവജന വോട്ടുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി സ്ഥാനാർഥി ഷോൺ ജോർജ്. മൂന്നു സ്ഥാനാർത്ഥികളും വിജയ പ്രതീക്ഷയിലാണ്. പാലായിലെ ജനങ്ങൾ തനിക്കൊപ്പമാണെന്നും തന്നെ കൈവിടില്ല എന്ന പ്രതീക്ഷയിലാണ് മാണി സി കാപ്പൻ. മൂന്നു മുന്നണികളും ശക്തമായ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

