കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള എൽ.ഡി.എഫ്-യു.ഡി.എഫ്-ബി.ജെ.പി യാത്രകൾ ജില്ലയിലേക്കെത്തുന്നു. രാഷ്ട്രീയകേരളത്തിന്റെ സമവാക്യങ്ങൾ മാറി എഴുതപ്പെട്ടേക്കാവുന്ന ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കരുത്തോടെ ശക്തി പകരുകയാണ് മൂന്നു മുന്നണികളും.

ഫെബ്രുവരി മാസം ഒന്നാം തീയതി ആരംഭിച്ച് ഫെബ്രുവരി 16ന് സമാപിക്കുന്ന മൂന്ന് മേഖലാ ജാഥകളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്. സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നേതൃത്വം നൽകുന്ന വടക്കൻ മേഖലാ ജാഥയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം നേതൃത്വം കൊടുക്കുന്ന തെക്കൻ മേഖലാ ജാഥയും വിജയകരമായി പര്യടനം തുടരുകയാണ്. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള മധ്യമേഖലാ ജാഥ ഫെബ്രുവരി ആറിന് ആറന്മുള നിയോജക മണ്ഡലത്തിലെ പത്തനംതിട്ടയിൽ നിന്നും ആരംഭിക്കുകയാണ്. ഫെബ്രുവരി ആറിന് വൈകുന്നേരം മൂന്ന് മണിക്ക് പത്തനംതിട്ട പ്രൈവറ്റ് ബസ്റ്റാൻഡ് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മധ്യമേഖലാ ജാഥ ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞകാല വികസന, ജനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിച്ച് ശക്തമായ തുടർഭരണത്തിനായുള്ള പ്രയാണത്തിൽ ശക്തി പകരുകയാണ് മുന്നണി. ഫെബ്രുവരി 7 മുതൽ 9 വരെയാണ് ജില്ലയിൽ എൽ.ഡി.എഫ് ന്റെ വികസന മുന്നേറ്റ ജാഥ. ചാൻഫാനാശ്ശേരി, കോട്ടയം,പുതുപ്പള്ളി, ഏറ്റുമാനൂർ,കടുത്തുരുത്തി, വൈക്കം,പാലാ,പൊൻകുന്നം, മുണ്ടക്കയം എന്നിവിടങ്ങളിലാണ് സ്വീകരണങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. 8നു രാവിലെ 8.30നു ബസേലിയസ് കോളജ് ഓഡിറ്റോറിയത്തിൽ പൗര പ്രമുഖരുമായുള്ള കൂടിക്കാഴ്ച നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്ര 24, 25 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും. മുണ്ടക്കയം,പല,പൊൻകുന്നം, ചങ്ങനാശ്ശേരി,പാമ്പാടി,കോട്ടയം, ഏറ്റുമാനൂർ,കടുത്തുരുത്തി, വൈക്കം എന്നിവിടങ്ങളിലാണ് സ്വീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. വികസിത കേരളം എന്ന മുദ്രാവാക്യം ഉയർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുക്കുന്ന വികസന കോൺക്ലേവ് 15നു പാലായിൽ നടക്കും. ജില്ലിലെയും പാലായിലെയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ തുടക്കമാണിത്.

