നാപ്‌ടോളിന്റെ പേരില്‍ വീണ്ടും തട്ടിപ്പ്; ഈരാറ്റുപേട്ട സ്വദേശിക്ക് 4500 രൂപ നഷ്ടമായി, അന്വേഷണം ആരംഭിച്ച് സൈബർ പൊലീസ്.


ഈരാറ്റുപേട്ട: സംസ്ഥാനത്ത് നാപ്‌ടോളിന്റെ പേരില്‍ വീണ്ടും തട്ടിപ്പ്. ഈരാറ്റുപേട്ട സ്വദേശിക്ക് 4500 രൂപ നഷ്ടമായി. നാപ്റ്റോളിന്റെ വാർഷികത്തോടനുബന്ധിച്ച് ലക്ഷങ്ങൾ സമ്മാനമായി ലഭിച്ചിട്ടുണ്ട് എന്ന് കത്തിലൂടെ അറിയിപ്പ് നൽകിയാണ് തട്ടിപ്പിന്റെ തുടക്കം.

 

 നാപ്റ്റോളിന്റെ പേരിൽ വ്യാജമായി നിർമ്മിച്ച ലെറ്റർപാടിലാണ് കത്തുകൾ അയക്കുന്നത്. ഇതിൽ സമ്മാനമായി ലക്ഷങ്ങൾ അലഭിച്ചതായും വിവരങ്ങൾക്ക്കായി ബന്ധപ്പെടാനായി നമ്പറും നൽകിയിട്ടുണ്ട്. വിളിക്കുമ്പോൾ മലയാളത്തിൽ തന്നെ സംസാരിക്കുന്നയാളുകളാണ് ഫോൺ എടുക്കുന്നതും സംസാരിക്കുന്നതും. നാപ്റ്റോളിൽ നിന്നും മുൻപ് സാധനങ്ങൾ വാങ്ങിയവരുടെ വിലാസത്തിലാണ് കത്തുകൾ എത്തുന്നത്. ഇതിനാൽ തന്നെ ഇത് നിലവിലുള്ളതാണെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. കത്തിൽ നൽകിയിരിക്കുന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിച്ചത് കത്തിന്റെയും കാര്ഡിന്റെയും ഫോട്ടോ വാട്സാപ്പിൽ അയക്കാൻ ആവശ്യപ്പെടും. പിന്നീട് ഇവർ തിരികെ ബന്ധപ്പെടുകയും ശേഷം അവർ നൽകുന്ന ബാങ്ക് അക്കൗണ്ട് നമ്പറിലേക്ക് ചാർജായി തുക ഇടാൻ ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്. ഈരാറ്റുപേട്ട സ്വദേശി ഇത്തരത്തിൽ വിളിച്ചപ്പോൾ അക്കൗണ്ടിൽ 4500 രൂപ ഇടാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സമ്മാന തുക ലഭിക്കാതിരുന്നതോടെ വീണ്ടും ഈ നമ്പറിലേക്ക് വിളിക്കുകയും പേപ്പർ വർക്കുകൾ തീരാനുണ്ടെന്നും ഇതിലേക്കായി 12500 രൂപ കൂടി ഇടണമെന്നും തട്ടിപ്പുകാർ ആവശ്യപ്പെടുകയായിരുന്നു. ഇതിൽ സംശയം തോന്നിയാണ് പോലീസിൽ പരാതി നൽകിയത്. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഇവർ ഈരാറ്റുപേട്ട സ്വദേശിയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു.