വൈക്കം: കോട്ടയം-ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നേരേകടവ്-മാക്കേകടവ് പാലത്തിൻ്റെ അവസാന കോൺക്രീറ്റിംഗ് നടന്നു. നേരേകടവ് ഭാഗത്താണ് കോൺക്രീറ്റിംഗ് ജോലികൾ പൂർത്തീകരിച്ചത്.

പാലത്തിൻ്റെ കൈവരി സ്ഥാപിക്കൽ 60 ശതമാനവും പെയിൻ്റിംഗ് ജോലികളും പുരോഗമിച്ചു വരുകയാണ്. ഈ പ്രവൃത്തികളുടെ ബാക്കിയും അപ്രോച്ച് റോഡിൻ്റെ ബാക്കി പ്രവൃത്തികളും പൂർത്തീകരിക്കുന്നതോടെ പാലം ജനങ്ങൾക്ക് തുറന്നു കൊടുക്കാനാവും. അടുത്ത മാസം അവസാനത്തോടെ പാലം തുറക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് വൈക്കം എം എൽ എ സി. കെ. ആശ പറഞ്ഞു. നിർദ്ദിഷ്ട തുറവൂർ-പമ്പ സംസ്ഥാന പാതയുടെ ഭാഗവും കോട്ടയം ജില്ലയിലെ വൈക്കം നിയോജക മണ്ഡലത്തിലെ ഉദയനാപുരം ഗ്രാമ പഞ്ചായത്തിനയും ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് നേരേകടവ്-മാക്കേക്കടവ് പാലം. ഒൻപത് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് നേരേകടവ്-മാക്കേക്കടവ് പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നത്. 11.23 മീറ്റർ വിതിയിലാണ് നേരേ കടവ്-മാക്കേകടവ് പാലം നിർമ്മിക്കുന്നത്. 98.09 കോടി രൂപ ചെലവിൽ സംസ്ഥാന പൊതുമരാമത്ത് പാലം വിഭാഗമാണ് നിർമാണം നടത്തുന്നത്. വർഷങ്ങൾ നീണ്ട കേസുകളും തർക്കങ്ങളുമായി നിലച്ച നിർമാണം 2024 മാർച്ച് മാസമാണ് പുനരാരംഭിച്ചിത്. പാലം നിർമ്മാണം വർഷങ്ങൾ തടസ്സപ്പെട്ടതിനാൽ എം എൽ എ എന്ന നിലയിൽ നടത്തിയ നിരന്തരമായ ഇടപെടലുകളെ തുടർന്ന് 42. 87 കോടി രൂപ അധികമായി അനുവദിച്ചാണ് പാലത്തിൻ്റെ തുടർ നിർമ്മാണ പ്രവർത്തനങ്ങൾ യാഥാർത്ഥ്യമായത് എന്നും പ്രതീക്ഷിച്ചതിലും വേഗതയിലാന്ന് നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത് എന്നും എം എൽ എ പറഞ്ഞു.

