കുമരകം കോണത്താറ്റ് പാലം നാടിന് സമർപ്പിച്ചു.


കുമരകം: അഞ്ചുവർഷം കൊണ്ട് 100 പാലങ്ങൾ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടതെങ്കിലും 150 പാലങ്ങളാണ് നിർമിച്ചതെന്നു പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

 

 കുമരകം-കോട്ടയം റോഡിൽ നിർമാണം പൂർത്തിയായ കുമരകം കോണത്താറ്റ് (കാരിക്കത്തറ)പാലത്തിന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം മേഖലയിലും പാലങ്ങൾ പുത്തൻ അധ്യായം രചിക്കുകയാണ്. പാലങ്ങളുടെ അടിയിലുള്ള  സ്ഥലം ഉപയോഗപ്രദമാക്കിക്കൊണ്ടുള്ള വി പാർക്ക് നിരവധി പേരെയാണ് ആകർഷിക്കുന്നത്. കഴിഞ്ഞ പത്തുവർഷം കൊണ്ട് പശ്ചാത്തലമേഖലയിൽ വിസ്മയകരമായ വികസനങ്ങളാണ് നടന്നത്. അഞ്ചുവർഷം കൊണ്ട് 50 ശതമാനം റോഡുകൾ ബി.എം.ബി.സി. നിലവാരത്തിൽ നവീകരിക്കാനാണ് തീരുമാനിച്ചതെങ്കിലും അത് 60 ശതമാനമായി. റോഡ് നവീകരണത്തിനായി മാത്രം ഈ സർക്കാർ 35000 കോടി രൂപയാണ് ചെലവഴിച്ചത്. ദേശീയപാത 550 കിലോമീറ്റർ പൂർത്തീകരിക്കാനായി എന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കുമരകം ആറ്റാമംഗലം പള്ളി മൈതാനത്ത്  നടന്ന ചടങ്ങിൽ സഹകരണം-ദേവസ്വം-തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ആധ്യക്ഷ്യം വഹിച്ചു.  കിഫ്ബി വഴി 120 കോടി രൂപ അനുവദിച്ച് കോട്ടയം കുമരകം റോഡ് വീതി കൂട്ടുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. കച്ചവടക്കാർക്ക് ഉൾപ്പെടെ ഉചിതമായ നഷ്ടപരിഹാരം നൽകിയായിരിക്കും സ്ഥലമേറ്റെടുപ്പു നടപടികൾ പൂർത്തിയാക്കുക. കുമരകത്തെ റോഡുകൾ എല്ലാം ബി.എം.ബി.സി. നിലവാരത്തിലാക്കി. കോണത്താറ്റ് പാലത്തിന്റെ പേര് രേഖകളിൽ കാരിക്കാത്തറ എന്നാക്കിയിട്ടുണ്ടെങ്കിലും കോണത്താറ്റ് എന്ന പേരു നിലനിർത്തുന്നതിനു നപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കുമരകം ടൗണിലേക്കുള്ള പ്രവേശന കവാടത്തിൽ നാലു മീറ്റർ മാത്രം വീതിയുണ്ടായിരുന്ന പഴയപാലം പൊളിച്ചു നീക്കി 107.1 മീറ്റർ നീളത്തിലും 13 മീറ്റർ വീതിയിലുമാണ് പുനർ നിർമിച്ചത്. അപ്രോച്ച് റോഡിന്റെ സ്ഥലമേറ്റെടുപ്പ് അടക്കം കിഫ്ബിയിലൂടെ 29.49 കോടി രൂപയാണ് ചെലവഴിച്ചത്. ചടങ്ങിൽ കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി,  കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യാ ഷിജോ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ജി. ബിനു, സീമ ദിലീപ്, കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ സി.ബി. സുഭാഷ്‌കുമാർ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ.വി. ബിന്ദു, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ധന്യ സാബു, എ.പി. സലിമോൻ,  ആറ്റാമംഗലം പള്ളി വികാരി ഫാ. അഭിലാഷ് വലിയവീട്ടിൽ, ശ്രീനാരായണ പബ്ലിക് ബോട്ട് റേസ് ക്ലബ് പ്രസിഡന്റ് അഡ്വ. വി.പി. അശോകൻ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ വി.കെ. ജോഷി, ആർഷ ബൈജു, പ്രിൻസ് സ്‌കറിയ, സാൽവിൻ കൊടിയന്തറ,  സ്വാഗത സംഘം കമ്മിറ്റി കൺവീനർ കെ.എസ്. സലിമോൻ, എസ്.കെ.എം. ദേവസ്വം പ്രസിഡന്റ് എ.കെ. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.