പാലാ: ശരീരം തൊണ്ണൂറ് ശതമാനവും പൊള്ളലേറ്റ് മരണത്തെ മുഖാമുഖം കണ്ട രണ്ട് വയസുകാരന് മാർ സ്ലീവാ മെഡിസിറ്റിയുടെ വിവിധ ചികിത്സാവിഭാഗങ്ങൾ ചേർന്നു നൽകിയത് അത്ഭുത പുനർജന്മം. വൈദ്യശാസ്ത്രം ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഈ അത്ഭുത രക്ഷപെടുത്തൽ നാല് മാസം കണ്ണിമ ചിമ്മാതെ നടത്തിയ പരിചരണത്തിന്റെ പുണ്യമായി മാറി.

ഇടുക്കി വണ്ടൻമേട് സ്വദേശിയായ രണ്ടു വയസ്സുകാരൻ കളിചിരികളും കളിപ്പാട്ടങ്ങളുമായി കഴിഞ്ഞ ദിവസം വീട്ടിലേക്ക് തിരികെ മടങ്ങിയപ്പോൾ പരിചരിച്ചവർ ഒന്നടങ്കം അവന് സ്നേഹചുംബനങ്ങൾ നൽകിയാണ് പുതുജീവിതത്തിലേക്ക് യാത്രയാക്കിയത് എന്ന് കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിൽ ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ 9ന് വൈകുന്നേരം വീടിനുള്ളിൽ തിളപ്പിച്ചു വച്ച ചൂടു വെള്ളത്തിലേക്ക് വീണായിരുന്നു രണ്ട് വയസ്സുകാരന് അപകടം ഉണ്ടായത്. തല മുതൽ കാൽമുട്ട് വരെയുള്ള ഭാഗം പൂർണ്ണമായും ഗുരുതര പൊള്ളലേറ്റിരുന്നു.
ഇടുക്കിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം കുഞ്ഞിനെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചപ്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. മണിക്കൂറുകൾ മാത്രമെ ജീവിച്ചിരിക്കുകയുള്ളു എന്ന അവസ്ഥയിലായിരുന്ന കുരുന്നിനെ എങ്ങനെയെങ്കിലും തിരിച്ചു നൽകണമെന്ന മാതാപിതാക്കളുടെ കണ്ണീരോടെയുള്ള പ്രാർത്ഥന തങ്ങളുടെ ജീവിത നിയോഗം പോലെ ഡോക്ടർമാർ ഏറ്റെടുത്തു. എമർജൻസി വിഭാഗത്തിൽ നിന്നും പീഡിയാട്രിക് ഇന്റൻസിവിസ്റ്റിന്റെ നേതൃത്വത്തിലുള്ള പീഡിയാട്രിക് ഐ.സി.യുവിലും പിന്നീട് ബേൺ ഐ.സി.യുവിലും കുഞ്ഞിനെ പ്രവേശിപ്പിച്ചു.
തുടർന്ന് ആഴ്ചകളും മാസങ്ങളും നടന്നത് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തിയ അതീവസങ്കീർണ്ണമായ ചികിത്സകളുടെയും ശസ്ത്രക്രിയകളുടെയും പരമ്പരകളാണ്. പല തവണ അതീവ ഗുരുതരാവസ്ഥയിൽ എത്തിയെങ്കിലും വിവിധ വകുപ്പുകളിലെ വിദഗ്ധരായ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും അതീവശ്രദ്ധയോടെയുള്ള പരിചരണം അവനെ സാധാരണ നിലയിലേക്ക് എത്തിച്ചു. തല,ചെവി, മുഖം, കൈ, നെഞ്ച്, വയർ എന്നിവടങ്ങളിലുൾപ്പെടെ പൂർണ്ണമായും പൊള്ളലേറ്റ് ആരുടെയും നെഞ്ചുരുകുന്ന കാഴ്ച്ചയിൽ നിന്നും അവൻ കണ്ണ് തുറന്ന് ചിരിച്ചപ്പോൾ പരിചരിച്ചവരുടെ മുഖത്ത് നിന്നും സന്തോഷാശ്രുക്കൾ പൊഴിഞ്ഞു.
ചികിത്സയിൽ പ്രവേശിപ്പിച്ച ആദ്യദിനങ്ങളിൽ വൃക്കതകരാർ ഉണ്ടായി രുന്നു. എങ്കിലും താമസിക്കാതെ തന്നെ വൃക്കയുടെ പ്രവർത്തനം സാധാരണഗതിയിലായി. മുഖത്തും വായിലും അതീവഗുരുതരമായ പൊള്ളലേറ്റിരുന്നതും സ്ഥിതിഗതികൾ വഷളാക്കിയിരുന്നു. അത്യാധുനിക വെന്റിലേറ്റർ സംവിധാനം ക്രമീകരിച്ചാണ് കുഞ്ഞിന്റെ ശ്വസനം നിയന്ത്രിച്ചിരുന്നത്. ശ്വാസതടസ്സം ഒഴിവാക്കുന്നതിനായി മൂന്നാഴ്ച്ച കഴിഞ്ഞപ്പോൾ ട്രക്കിയോസ്ടമിയും (തൊണ്ടയുടെ താഴെ ഭാഗം കിഴിച്ച്) വേണ്ടി വന്നു. 35 ദിവസത്തിനു ശേഷമാണ് കുഞ്ഞിനെ വെന്റിലേറ്റർ സഹായത്തിൽ നിന്നു മാറ്റാൻ സാധിച്ചത്. ദേഹമാസകലം പൊള്ളലേറ്റ കുരുന്നിന്റെ ശരീരം സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള ദൗത്യം പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് വിഭാഗമാണ് ഏറ്റെടുത്തത്.
തുടർന്ന് വേണ്ടിവന്നത് ഇടവിട്ടുള്ള എട്ടു ശസ്ത്രക്രിയകൾ. അതീവശ്രദ്ധയോടെ ഓരോ തവണവയും അനസ്തേഷ്യോളജി ടീമും പൂർണ്ണ സജ്ജമായി നിന്നു. കുഞ്ഞിന്റ ശരീരം പൂർണ്ണമായി പൊള്ളിയിരുന്നതിനാൽ മാതാവിന്റെ ശരീരത്തിൽ നിന്ന് സ്കിൻ ഗ്രാഫ്റ്റ് എടുത്താണ് ആദ്യശസ്ത്രക്രിയകൾ ചെയ്തിരുന്നത്. നെഞ്ചിലും കൈയ്യിലും എല്ലാം പിടിപ്പിച്ച ഗ്രാഫ്റ്റുകൾ ചേർന്നതോടെ കുഞ്ഞ് സാധാരണ രൂപത്തിലേക്ക് സാവധാനം തിരിച്ചെത്തി. കുഞ്ഞിന്റ കാലിൽ പൊള്ളലേൽക്കാതിരുന്ന ഭാഗത്തെ ഗ്രാഫ്റ്റ് എടുത്തു പിടിപ്പിച്ചും ശസ്ത്രക്രിയ നടത്തി. ഒരു തരത്തിലുള്ള ഇൻഫെക്ഷനും കുഞ്ഞിനെ ബാധിക്കാതിരിക്കാൻ ബേൺ ഐ.സി.യു, പീഡിയാട്രിക് ഐ.സി.യു, ട്രോമാ ഐ.സി.യു എന്നിവടങ്ങളിൽ ചികിത്സക്കായി എത്തിയ മറ്റുള്ളവർ പോലും ശ്രദ്ധാലുക്കളായി.
