എരുമേലി: വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന എരുമേലി സബ് ട്രഷറിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥലം ലഭിച്ചു. കെട്ടിടം നിർമ്മിക്കുന്നതിന് കാഞ്ഞിരപ്പള്ളി- എരുമേലി സ്റ്റേറ്റ് ഹൈവേയുടെ സൈഡിൽ കൊരട്ടി പാലത്തിനു സമീപം ആണ് സ്ഥലം ലഭ്യമായത്.

50 ലക്ഷം രൂപ വിലമതിക്കുന്ന 5 സെന്റ് സ്ഥലം സൗജന്യമായി നൽകിയത് എരുമേലി സ്വദേശിയായ സി.എം വർഗീസ് ചാലക്കുഴി (കുഞ്ഞേട്ടൻ) ആണ്. സ്ഥലത്തിന്റെ രേഖകൾ ജില്ലാ ട്രഷറി ഓഫീസർ വിൻസി ഉമ്മന് കൈമാറി. കേരള കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറിയുമായ ബിനോ ജോൺ ചാലക്കുഴിയുടെ ഇടപെടലിനെ തുടർന്നാണ് സ്ഥലം സൗജന്യമായി ലഭിച്ചത്. ട്രഷറി നിർമ്മാണത്തിന് 2 കോടി രൂപ അനുവദിക്കപ്പെട്ടിട്ടുണ്ട് എന്ന് പൂഞ്ഞാർ എം എൽ എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. സമീപഭാവിയിൽ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. സ്ഥലം സൗജന്യമായി നൽകിയ കുഞ്ഞേട്ടനെ അദ്ദേഹത്തിന്റെ വസതിയിൽ എത്തി എം എൽ എ ആദരിച്ചു.
