ടൂറിസം മേഖലയ്ക്ക് ഉണർവേകും, നാളുകളായുള്ള ആവശ്യങ്ങൾക്ക് പരിഹാരം, കുമരകത്ത് ഹെലിപ്പാഡ് നിർമിക്കാൻ 5 കോടി രൂപ ബജറ്റിൽ അനുവദിച്ചു.


കുമരകം: കോട്ടയത്തിന്റെയും കുമരകത്തിന്റെയും ടൂറിസം മേഖലയ്ക്ക് ഉണർവേകുന്ന പ്രഖ്യാപനങ്ങളുമായി സംസ്ഥാന സർക്കാരിന്റെ ബജറ്റ്. രാഷ്ട്രപതിയും, പ്രധാനമന്ത്രിയും, വിദേശ രാഷ്ട്രത്തലവന്മാരുമടക്കം നിരവധി വി വി ഐ പി മാരുൾപ്പടെ എത്തുന്ന സ്ഥലമായ കുമരകത്ത് ഒരു ഹെലിപ്പാഡ് നിർമ്മിക്കണമെന്നത് നാളുകളായുള്ള ആവശ്യമായിരുന്നു.

 

 രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റിൽ കുമരകത്ത് ഹെലിപ്പാഡ് നിർമ്മാണം ബജറ്റിൽ ഇടം നേടിയിരിക്കുകയാണ്. കുമരകത്ത് ഹെലിപ്പാഡ് നിർമിക്കാൻ ബജറ്റിൽ 5 കോടിരൂപ ബജറ്റിൽ അനുവദിച്ചു. രാഷ്ട്ര തലവൻമാരടക്കം സന്ദർശനം നടത്തുന്ന കുമരകത്തിന്റെ ഹോട്ടൽ വ്യവസായ മേഖലയ്ക്കും ടൂറിസം രംഗത്തിനും ഏറ്റവും ഗുണകരമാവുന്ന തീരുമാനമാണിത് എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. 24 വർഷം മുമ്പ്‌ മുൻ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ സന്ദർശനത്തിലൂടെയാണ് കുമരകം രാജ്യാന്തരശ്രദ്ധ നേടുന്നത്. ശേഷം ശ്രീലങ്കൻ പ്രസിഡന്റായിരുന്ന ചന്ദ്രിക കുമാരത്തുംഗെ, ചാൾസ്‌ രാജകുമാരൻ, മുൻ രാഷ്‌ട്രപതി പ്രതിഭാ പാട്ടിൽ തുടങ്ങിയവരെല്ലാം കുമരകത്തിന്റെ കായൽസൗന്ദര്യം കണ്ടറിഞ്ഞവരാണ്‌. ‌ഏറ്റവും അവസാനം കഴിഞ്ഞ വർഷം രാഷ്ട്രപതി ദ്രൗപതി മുർമ്മുവും കുമരകം സന്ദർശിച്ചു. ജി 20 ഉച്ചകോടിക്ക് വേദിയായത് കുമരകത്തിന്റെ പെരുമ രാജ്യാന്തര ടൂറിസ മേഖലയിൽ തന്നെ വേറിട്ട മേൽവിലാസം ഉണ്ടാക്കുന്നതിന് സഹായകരമായി. പ്രധാനവ്യക്തികൾക്ക്  കുമരകത്ത് ഇറങ്ങാൻ പറ്റുന്ന വലിയ ഹെലിപ്പാഡ് വരുന്നതോടെ രാജ്യാന്തര ടൂറിസം രംഗത്തും മറ്റു മേഖലകളിലും വലിയ അവസരങ്ങളാണ് കുമരകത്തെ കാത്തിരിക്കുന്നത്. പ്രമുഖർ കുമരകത്തേക്ക് എത്തുന്നതോടെ ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണത്തിൽ ജനങ്ങൾ വലയുകയായിരുന്നു. ഇതിനൊരു വലിയ പരിഹാരമായിരിക്കുകയാണ് ഈ തീരുമാനത്തിലൂടെ. വി വി ഐ പി മാർ കുമരകത്ത് എത്തിയിരുന്നത് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ ഹെലിക്കോപ്റ്റർ ഇറങ്ങി കാറിൽ റോഡുമാർഗ്ഗം ആയിരുന്നു. ഇതാണ് മേഖലയിൽ സുരക്ഷയുടെ ഭാഗമായി ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നിരുന്നത്. ഇത് സാധാരണക്കാരായ ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. മുൻ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി കുമരകം ടൂറിസം പാക്കേജ് പ്രഖ്യാപിച്ചപ്പോഴും മുൻ കേന്ദ്ര ടൂറിസം മന്ത്രിയായിരുന്ന അൽഫോൻസ് കണ്ണന്താനം പ്രഖ്യാപിച്ച 100 കോടി ടൂറിസം പാക്കേജിലും കുമരകത്ത് ഹെലിപ്പാഡ് ഇടം പിടിച്ചെങ്കിലും നടപ്പിലായിരുന്നില്ല.