ശബരിമല: രണ്ടു മാസക്കാലത്തിലേറെ നീണ്ടുനിന്ന മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനു പരിസമാപ്തി കുറിച്ച് ശബരിമല നട അടച്ചു. ഇന്നലെ രാത്രിയോടെ തീർത്ഥാടകർക്കുള്ള ദർശന സമയം അവസാനിച്ചിരുന്നു. ശബരിമല തീര്‍ഥാടനത്തിന് സമാപനം കുറിച്ച് മാളികപ്പുറം മണിമണ്ഡപത്തിന് മുന്നില്‍ ഇന്നലെ ഗുരുതി നടന്നു.

ഹരിവരാസനം ചൊല്ലി സന്നിധാനം നട അടച്ചശേഷം പന്തളം രാജപ്രതിനിധി പുണര്‍തം നാള്‍ നാരായണ വര്‍മയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. മണിമണ്ഡപത്തിന് മുന്നില്‍ വാഴപ്പോളയും കുരുത്തോലയും ഉപയോഗിച്ച് 64 കണ്ണങ്ങളുള്ള അഞ്ച് കളം തീര്‍ത്ത് നടുവില്‍ പന്തം കൊളുത്തി. നിലവിളക്ക്, പൂക്കുല, പൂമാല എന്നിവ കൊണ്ട് അലങ്കരിച്ചു. സന്ധ്യയ്ക്ക് സന്നിധാനത്തേയ്ക്ക് മടങ്ങിയ രാജപ്രതിനിധി ഹരിവരാസനത്തിന് ശേഷം തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു ചടങ്ങ്. മഞ്ഞള്‍പ്പൊടിയും ചുണ്ണാമ്പും കുഴച്ചുണ്ടാക്കിയ ചുവന്ന നിണം തര്‍പ്പണം ചെയ്ത് കുമ്പളങ്ങ വെട്ടി. പ്രസാദം ഭക്തര്‍ക്ക് വിതരണം ചെയ്തു. ഗുരുതിക്ക് മുമ്പായി മാളികപ്പുറം നട അടച്ച് മേല്‍ശാന്തിയും സന്നിധാനത്തേയ്ക്ക് മടങ്ങിയിരുന്നു. രാജപ്രതിനിധിയുടെ സാന്നിദ്ധ്യത്തില്‍ കര്‍മികള്‍ മണിമണ്ഡപം പൂട്ടി താക്കോല്‍ ദേവസ്വം അധികൃതര്‍ക്ക് കൈമാറി. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ആറു ദിവസം മാത്രമാണ് മണിമണ്ഡപം തുറന്നത്. റാന്നി കുന്നയ്ക്കാട്ട് കുടുംബക്കാരായ രതീഷ് അയ്യപ്പകുറുപ്പ്, അജിത് ജനാര്‍ദന കുറുപ്പ്, ജയകുമാര്‍ ജനാര്‍ദനകുറുപ്പ് എന്നിവര്‍ ഗുരുതിക്ക് നേതൃത്വം നല്‍കി. ഇന്ന് രാവിലെ പന്തളം രാജപ്രതിനിധിയുടെ ദര്ശനത്തോടെ ശബരിമല നടയടച്ചു. കാടും മേടും കാട്ടാറും പമ്പാ തീർത്ഥവും കടന്ന് എത്തിയ ഭക്തജന ലക്ഷങ്ങൾക്ക് അനുഗ്രഹ വർഷം ചൊരിഞ്ഞു കലിയുഗവരദൻ യോഗനിദ്രയിലാണ്ടു. വീണ്ടും ഒരു മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിന് പരിസമാപ്തി. വീണ്ടും ഒരു മണ്ഡല കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ഇവിടെ തുടങ്ങുന്നു.
