ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; എരുമേലിയിൽ തീർത്ഥാടകരെ പോലീസ് തടയുന്നു, നഗരത്തിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്.


എരുമേലി: ശബരിമലയിൽ ഭക്തജനത്തിരക്ക് വർദ്ധിച്ചതോടെ മുൻകരുതലുകളുടെ ഭാഗമായി എരുമേലിയിൽ തീർത്ഥാടകരെ പോലീസ് തടയുന്നു. കാനന പാതയിലൂടെ കാൽനടയാത്രയായി ശബരിമല ദർശനത്തിന് പോകുന്ന അയ്യപ്പഭക്തന്മാരെയാണ് പോലീസ് തടയുന്നത്.

 

 എരുമേലി കവലയിലും സ്വകാര്യ ബസ്സ് സ്റ്റാൻഡ് പരിസരത്തും ചരളയ്ക്കപ്പുറമുള്ള റബ്ബർ തോട്ടത്തിലും പോലീസ് റോഡിനു കുറുകെ വടം കെട്ടിയാണ് തീർത്ഥാടകരെ തടയുന്നത്. ഇതോടെ എരുമേലി നഗരത്തിലും കാഞ്ഞിരപ്പള്ളി-എരുമേലി റോഡിലും എരുമേലി-മുണ്ടക്കയം റോഡിലും എരുമേലി-റാന്നി റോഡിലും മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാന് അനുഭവപ്പെടുന്നത്. സമാന്തര പാതകളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. നൂറ്കണക്കിന് തീർഥാടകരാണ് എരുമേലിയിൽ കുടുങ്ങിയത്. ഏറെനേരം തടഞ്ഞു വെച്ചതിനു ശേഷമാണ് കുറച്ചു പേരെ പോകാൻ അനുവദിക്കുന്നത്. തുടർന്ന് മറ്റു സ്ഥലങ്ങളിലും പോലീസ് തീർത്ഥാടകരെ തടയുന്നുണ്ട്. ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് സ്ഥലത്ത് എത്തിയിട്ടുണ്ട്. തീർത്തക വാഹനങ്ങൾക്കൊപ്പം നാട്ടുകാരുടെ വാഹനങ്ങളും സ്വകാര്യ-കെ എസ് ആർ ടി സി ബസ്സുകളും ഗതാഗതക്കുരുക്കിൽ പെട്ടുകിടക്കുകയാണ്. റാന്നി,മണിമല ഭാഗത്തു നിന്നുള്ള സ്വകാര്യ ബസ്സുകൾ എരുമേലിയിലേക്ക് പോകാതെ കരിങ്കല്ലുംമൂഴിയിൽ സർവ്വീസ് അവസാനിപ്പിക്കുകയാണ്. അതേസമയം മകരവിളക്ക് പ്രമാണിച്ച് ശബരിമലയില്‍ നാളെയും മറ്റന്നാളും കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ സ്പോട്ട് ബുക്കിങ് അടക്കം 40,000 പേര്‍ക്കും മകരവിളക്ക് ദിനമായ മറ്റന്നാള്‍ 35000 പേര്‍ക്കും മാത്രമേ ദര്‍ശനം അനുവദിക്കൂ. മകരവിളക്ക് ദിനം നിലയ്ക്കലില്‍ നിന്ന് 10 ന് ശേഷവും പമ്പയില്‍ നിന്ന്11ന് ശേഷവും തീര്‍ഥാടകരെ കടത്തിവിടില്ല. വിളക്ക് കഴിഞ്ഞ് തീര്‍ഥാടകര്‍ മലയിറങ്ങിയ ശേഷമേ തീര്‍ഥാടകരെ വീണ്ടും കടത്തിവിടുകയുള്ളു. ശബരിമലയിലേക്കുള്ള കാനന പാത വഴിയുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എരുമേലിയിൽ 13 ന് വൈകിട്ട് 6 വരെയും അഴുതക്കടവിൽ 14 ന് രാവിലെ 8വരെയും മുക്കുഴിയിൽ രാവിലെ 10 വരെയും മാത്രമേ തീർഥാടകരെ കടത്തിവിടു. തീർത്ഥാടകരുടെ സുരക്ഷ പരിഗണിച്ചാണ് പരമ്പരാഗത കാനന പാതയിലൂടെയുള്ള തീർത്ഥ യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.