എരുമേലി: ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥാവകാശ കേസിൽ വിധി ഇന്ന്. ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന 2263 ഏക്കര്‍ ഭൂമിയുടെ വിധി നിര്‍ണ്ണയിക്കുന്നതില്‍ ഈ വിധി ഏറെ നിര്‍ണ്ണായകമാണ്. കേസിൽ ഇന്ന് പാലാ സബ് കോടതി വിധി പ്രസ്താവിക്കും.

അയന ചാരിറ്റബിള്‍ ട്രസ്റ്റ് (മുന്‍പ് ഗോസ്പല്‍ ഫോര്‍ ഏഷ്യ), ഹാരിസണ്‍സ് മലയാളം ലിമിറ്റഡ്, ഡോ സിനി പുന്നൂസ്, അന്തരിച്ച ബിഷപ്പ് കെ പി യോഹന്നാന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ഭൂമി തിരിച്ചുപിടിക്കാനാണ് സര്‍ക്കാര്‍ നിയമപോരാട്ടം നടത്തുന്നത്. 1910-ലെ സെറ്റില്‍മെന്റ് രജിസ്റ്റര്‍ പ്രകാരം ഈ ഭൂമി 'പണ്ടാരവകപ്പാട്ടം' (സര്‍ക്കാര്‍ വക പാട്ടം) വിഭാഗത്തില്‍പ്പെട്ടതാണെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. ഹാരിസൺസ് അടക്കമുള്ളവർ ഹാജരാക്കിയ 1947 ലെ ആധാരങ്ങളിലും ഇത് പണ്ടാരവകപ്പാട്ടം ഭൂമിയാണെന്ന് പറയുന്നു. അതേസമയം, ബിഷപ്പ്കെ.പി. യോഹന്നാെൻ്റ ട്രസ്റ്റ് (മുൻ പേര് ഗോസ്പൽ ഫോർ ഏഷ്യ) 2005 ൽ ഹാരിസൺസിൽ നിന്ന് ഭൂമി (ഉടമസ്ഥാവകാശം) വാങ്ങിയതായി അവകാശപ്പെട്ടു. 2005ന് മുമ്പുള്ള ഒരു രേഖയും ഇത് ഒരു സ്വകാര്യ ഭൂമിയാണെന്നതിന് രേഖാപരമായ തെളിവില്ല. പണ്ടാരവക ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാരിനാണ്. മണിമല വില്ലേജിലെ (150 ഏക്കർ) വസ്തു സെറ്റിൽമെൻ്റ് രജിസ്റ്ററിൽ ഒരു വനഭൂമിയാണെന്ന്ും സർക്കാർ വാദിച്ചു. ഹാരിസൺസും അവരുടെ മുൻഗാമികളും ഒരു നൂറ്റാണ്ടിലേറെയായി കൈവശം വച്ചിരുന്നു ഭൂമിയാണെന്നും അതിനാൽ, അവർക്ക് പ്രതികൂല കൈവശാവകാശമുണ്ടെന്നുമാണ് അയന ട്രസ്റ്റ് അടക്കമുള്ളവരുടെ ഒന്നാമത്തെ വാദം. ഈ ഭൂമിയുടെ ഉടമസ്ഥാവകാശം 1923ാം നമ്പർ രേഖ പ്രകാരം ബ്രിട്ടീഷ് കമ്പനിക്ക് ലഭിച്ചിരിക്കുന്നുവെന്നാണ് ഹാരിസൺസ് അടക്കമുള്ളവരുടെ രണ്ടാമത്തെ വാദം. ഈ സ്വത്തിന്റെ അവകാശം കൊങ്കൂർ നമ്പൂതിരിമാർക്കായിരുന്നു. 1947ൽ അവർ അവകാശം ഇപ്പോഴത്തെ ഉടമകളുടെ മുൻഗാമികൾക്ക് വിറ്റുവെന്നാണ് ട്രസ്റ്റിെൻ്റ മൂന്നാമത്തെ വാദം. നാലാമത്തെ വാദം മണിമല വില്ലേജിലെ വനഭൂമിയുടെ ഉടമസ്ഥാവകാശം അവരുടെ മുൻഗാമികൾക്ക് 1935 ലെ 792ാം നമ്പർ പട്ടയ പ്രകാരം ലഭിച്ചവെന്നാണ്. എന്നാൽ ഇവയൊന്നും നിലനിൽക്കുന്നതല്ലെന്നും വ്യാജരേഖകൾ ഉണ്ടെന്നുമാണ് സർക്കാർ വാദിച്ചത്. ശബരിമല വിമാനത്താവള നിര്‍മ്മാണത്തിനായി ഈ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. കോടതി വിധി അനുകൂലമായാല്‍ ഭൂമിക്ക് നഷ്ടപരിഹാരം നല്‍കാതെ തന്നെ സര്‍ക്കാരിന് ഏറ്റെടുക്കാന്‍ സാധിക്കും. മറിച്ച് ട്രസ്റ്റിന് അനുകൂലമായാല്‍ ഭൂമി ഏറ്റെടുക്കുന്നതിന് വലിയ തുക നഷ്ടപരിഹാരമായി നല്‍കേണ്ടി വരും. 2018-ൽ രാജമാണിക്യം കമ്മിറ്റി, ചെറുവള്ളി അടക്കമുള്ള എസ്റ്റേറ്റുകളുടെ പാട്ടക്കാലാവധി തീർന്നതാണെന്നും സർക്കാർ ഏറ്റെടുക്കണമെന്നും ശുപാർശ നൽകിയിരുന്നു.
