കോട്ടയം: കൊല്ലം–തേനി ദേശീയപാത (NH 183)യുടെ വികസനത്തിന്റെ ഭാഗമായി ചെങ്ങന്നൂർ ആഞ്ഞിലിമൂട് മുതൽ കോട്ടയം വരെയുള്ള റോഡ് വികസനത്തിന് ഗ്രീൻഫീൽഡ് ഹൈവേ സാധ്യതകൾ പരിശോധിക്കാൻ നിർദ്ദേശം നൽകിയാതായി കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. നിലവിൽ നാലുവരിപ്പാത വികസനത്തിനായി വിശദമായ പദ്ധതി രേഖ (DPR) തയ്യാറാക്കുന്നതിന് ദേശീയപാത അതോറിറ്റി കൺസൾട്ടന്റ് കമ്പനി സേവനം ക്ഷണിച്ചിരിക്കുകയാണ്.

ദേശീയപാത അധികൃതർ സാധാരണയായി നിലവിലുള്ള റോഡ് വികസനത്തിനാണ് മുൻഗണന നൽകുന്നതെങ്കിലും ഈ മേഖലയിൽ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഉയരുന്ന ജനങ്ങളുടെ ആശങ്കകളും പ്രതിഷേധങ്ങളും പരിഗണിച്ചാണ് ഗ്രീൻഫീൽഡ് ഹൈവേ സാധ്യതയും സമാന്തരമായി പരിശോധിക്കണമെന്ന ആവശ്യം ഉന്നയിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയം നേരത്തെ തന്നെ ഉപരിതല ഗതാഗതവും ദേശീയപാതകളും കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോടും ദേശീയപാത അധികൃതരോടും ഔദ്യോഗികമായി ഉന്നയിച്ചിരുന്നു. ജനജീവിതത്തെയും കൃഷിയിടങ്ങളെയും വാസസ്ഥലങ്ങളെയും ഏറ്റവും കുറവ് ബാധിക്കുന്ന വിധത്തിലുള്ള വികസനമാണ് ലക്ഷ്യം. അതിനാൽ നിലവിലുള്ള റോഡ് വികസനം ഗ്രീൻഫീൽഡ് ഹൈവേ എന്നിങ്ങനെ ഇരു സാധ്യതകളും വിശദമായി പഠിച്ച് സാങ്കേതികവും സാമൂഹികവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും വിലയിരുത്തിയ ശേഷം അന്തിമ തീരുമാനം കൈക്കൊള്ളണമെന്നാണ് നിർദേശം. ഈ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ നാലുവരിപ്പാതാ വികസനത്തിനുള്ള അന്തിമ രൂപരേഖ തയ്യാറാക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. കൊല്ലം–തേനി ദേശീയപാത 183 മധ്യ കേരളത്തിന്റെ ഗതാഗത നട്ടെല്ലായതിനാൽ ഈ റോഡിന്റെ വികസനം പ്രദേശത്തിന്റെ വാണിജ്യ, കൃഷി, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളുടെ വളർച്ചയ്ക്കും വിനോദസഞ്ചാര വികസനത്തിനും നിർണായകമാണ്. അതേസമയം വികസനത്തിന്റെ പേരിൽ സാധാരണ ജനങ്ങളുടെ ജീവിതവും സ്വത്തും അനാവശ്യമായി നഷ്ടപ്പെടരുത്. ജനങ്ങളുമായി സംവദിച്ചും പ്രദേശവാസികളുടെ ആശങ്കകൾ കേന്ദ്രസർക്കാരിന്റെയും ദേശീയപാത അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തിയും നീതിയുക്തവും പ്രായോഗികവുമായ പരിഹാരത്തിനായി തുടർച്ചയായ ഇടപെടലുകൾ നടത്തും. 2025 ജൂൺ 4ന് മുഖ്യമന്ത്രി നേരിട്ട് നൽകിയ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പ്രൊപ്പോസൽ പ്രകാരം കൊല്ലം–തേനി ദേശീയപാത 183-ന്റെ നിലവിലുള്ള റോഡ് തന്നെ എത്രയും വേഗം വികസിപ്പിക്കണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത് എന്നും കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.
