ജീവൻ പൊലിയുന്ന നിരത്തുകൾ! കോട്ടയം ജില്ലയിൽ കഴിഞ്ഞ വർഷമുണ്ടായത് 2423 വാഹനാപകടങ്ങൾ, ജീവൻ നഷ്ടമായത് 197 പേർക്ക്. അപകടത്തിൽ പരിക്കേറ്റവർക്ക് 2667 പേർക്ക്,


കോട്ടയം: കോട്ടയം ജില്ലയിൽ 2025 ലുണ്ടായ വാഹനാപകടങ്ങളുടെയും ജീവൻ നഷ്ടമായവരുടെയും കണക്കുകൾ ഞെട്ടിക്കുന്നത്. അമിത വേഗതയും മദ്യപിച്ച് വാഹനമോടിക്കലും നഷ്ടമാക്കിയത് 197 പേരുടെ ജീവനാണ്. അമിതവേഗതയിലുണ്ടാകുന്ന വാഹനാപകടങ്ങളുടെ എണ്ണം ഉയരുകയാണ്. 2667 പേർക്കാണ് പോയ വർഷം വിവിധ അപകടങ്ങളിലായി പരിക്കേറ്റത്.

 

 ഇവരിൽ മരണത്തിന്റെ പിടിയിൽ നിന്നും ഭാഗ്യം കൊണ്ട് മാത്രം തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരുമുണ്ട്. അമിത വേഗതയും മദ്യപിച്ചുള്ള വാഹനമോടിക്കലും സ്വയമായി മാത്രമല്ല മറ്റുള്ളവരെയും അപകടത്തിന്റെ ജീവൻ നഷ്ടമാകുന്നതിലോ എത്തിക്കും. വാഹനാപകടങ്ങളിൽ കൂടുതലും മനപ്പൂർവ്വമല്ലാത്ത നരഹത്യക്കാണ് പോലീസ് കേസെടുക്കുന്നത്. ഇതോടെ വാഹനമോടിച്ചവർ നിസ്സാര ശിക്ഷകളോടെ രക്ഷപ്പെടും. 

ജില്ലയിൽ വാഹനാപകടങ്ങൾ വർധിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. 2025 ജനുവരി,ഫെബ്രുവരി മാസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ ജീവൻ നഷ്ടമായത് 42 പേർക്കാണ്. അശ്രദ്ധമായ വാഹന ഡ്രൈവിങ്ങും അമിത വേഗതയും ലഹരി ഉപയോഗവും വാഹനാപകടങ്ങൾക്കു കാരണമാണ്. വാഹനമോടിക്കുന്നതിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗവും ഹെൽമെറ്റ് ധരിക്കാതെയുള്ള ഇരുചക്ര വാഹന യാത്രയും അപകടം വിളിച്ചു വരുത്തുന്നതിനും ജീവൻ നഷ്ട്ടപ്പെടാൻ കാരണമായേക്കാവുന്ന അപകടങ്ങൾ സംഭവിക്കാനും കാരണമായേക്കാം. സ്വകാര്യ വാഹനങ്ങൾക്കൊപ്പം അമിത വേഗതയിലെത്തുന്ന സ്വകാര്യ ബസ്സുകളും നിരത്തുകളെ ഭീതിയിലാക്കുന്നുണ്ട്.
കഴിഞ്ഞ ജനുവരി ആദ്യമാണ് വിവാഹം നടക്കുന്നതിന്റെ തലേന്ന് വാഹനാപകടത്തിൽ യുവാവ് മരിച്ചത്. എംസി റോഡിൽ കാളികാവ് പള്ളിയുടെ സമീപം വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കടപ്ലാമറ്റം വയലാ നെല്ലിക്കുന്നു ഭാഗത്തു കൊച്ചുപാറയിൽ ജിൻസൻ-നിഷ ദമ്പതികളുടെ മകൻ ജിജോമോൻ ജിൻസൺ (21) ആണ് മരണപ്പെട്ടത്. സ്‌കൂട്ടറിൽ പള്ളിയിലേക്ക് പോകുന്നതിനിടെ ചങ്ങനാശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ കോട്ടയം എആർ ക്യാംപ് ഡോഗ് സ്ക്വാഡ് എസ്ഐ കുരിശുംമൂട് മഠത്തിച്ചിറ ടി.എം. ആന്റണിയുടെ ഭാര്യ ബ്രീന വർഗീസ് (45) ആണ് മരണപ്പെട്ടത്. 



നിയന്ത്രണംവിട്ട പാൽ വാൻ സ്‌കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ വാൻ ബ്രീനയുടെ മുകളിലേക്കാണ് മറിഞ്ഞു വീണത്. ഭർത്താവിനും ബന്ധുക്കൾക്കുമൊപ്പം വാഗമൺ സന്ദർശിച്ചു മടങ്ങുന്നതിനിടെയുണ്ടായ അപകടത്തിലാണ് കോട്ടയം കുമരകം അയ്മനം കവണാറ്റിന്‍കര കമ്പിച്ചിറ വീട്ടില്‍ അനീഷിന്റെ ഭാര്യ ധന്യ (43) മരണപ്പെട്ടത്. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ ട്രാവലര്‍ മറിഞ്ഞ് ആണ് അപകടം ഉണ്ടായത്. പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയതിനു അമ്മയിൽനിന്ന്‌ സമ്മാനം വാങ്ങാനും സഹോദരിക്ക്‌ സ്കൂളിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാനുമായി അമ്മയ്ക്കൊപ്പം ടൗണിൽ എത്തിയ പെൺകുട്ടിക്ക് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് മരണപ്പെട്ടിരുന്നു. തോട്ടയ്ക്കാട് ഇരവുചിറ വടക്കേമുണ്ടയ്ക്കൽ വി.ടി. രമേശിന്റെ മകൾ അബിദ പാർവതിയാണ്‌ (18) മരണപ്പെട്ടത്. ചന്തക്കവലയിൽ റോഡിന് കുറുകെ കടക്കവേ കോട്ടയം ജില്ലാ ആശുപത്രി ഭാഗത്തുനിന്ന്‌ എത്തിയ കാർ നിയന്ത്രണം നഷ്ടമായി അമ്മ നിഷയെയും മകൾ അബിദയെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. പോലീസിനും മോട്ടോർ വാഹന വകുപ്പിനുമൊപ്പം വാഹനാപകടങ്ങൾ കുറയ്ക്കാനും അതുവഴി ജീവൻ നഷ്ടമാകുന്നത് ഒഴിവാക്കാനും നാം ഓരോരുത്തരും വിചാരിച്ചെങ്കിൽ മാത്രമേ സാധിക്കുകയുള്ളു എന്നതാണ് സത്യം.