കോട്ടയം: കേരള ബ്രാൻഡ് പദ്ധതിയുടെ'നന്മ' സുവനീർ കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണയ്ക്ക് കൈമാറി. സംസ്ഥാനത്തിൻ്റെ തനത് ഉത്പന്നങ്ങളുടെ ഗുണമേന്മ, ധാർമ്മിക നിലവാരം, ഉത്തരവാദിത്തമുള്ള വ്യാവസായിക മാനദണ്ഡങ്ങളുടെ പാലനം എന്നിവ ഉറപ്പാക്കി ആഗോള വിപണിയിൽ എത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കുന്ന പദ്ധതിയിലൂടെ ഉപഭോക്താക്കൾക്ക് ഉയർന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കും. അന്താരാഷ്ട്ര വ്യാപാര മേളകളിലും മാർക്കറ്റിങ് എക്‌സ്‌പോകളിലും കേരളാ ബ്രാൻഡ് ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിപണനം ചെയ്യാനും അവസരമുണ്ടാകും. വെളിച്ചെണ്ണയ്ക്ക് പുറമേ കാർഷിക-ഭക്ഷ്യ ഉത്പന്നങ്ങളായ കാപ്പി, തേയില, തേൻ, ശുദ്ധീകരിച്ച നെയ്യ്, കുപ്പികളിലാക്കിയ ശുദ്ധജലം, കന്നുകാലിത്തീറ്റ, പ്ലൈവുഡ്, പാദരക്ഷകൾ, പി.വി.സി. പൈപ്പുകൾ, സർജിക്കൽ റബ്ബർ ഗ്ലൗസ് എന്നീ ഉത്പന്നങ്ങളും കേരള ബ്രാൻഡ് പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്പാദന യൂണിറ്റുകൾ ഉന്നത നിലവാരം പുലർത്തണം. ബാലവേല നിരോധനം, വിവേചനമില്ലാത്ത തൊഴിലിടങ്ങൾ, പരിസ്ഥിതി സൗഹൃദ സമീപനം തുടങ്ങിയ ധാർമ്മികവും ഉത്തരവാദിത്തമുള്ളതുമായ വ്യാവസായിക മൂല്യങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും സർട്ടിഫിക്കേഷൻ നൽകുക.
