കോട്ടയം: ഉറക്കത്തിനിടെയുണ്ടായ ശാരീരിക അസ്വസ്ഥതകളെത്തുടർന്നു യുകെയിൽ കോട്ടയം സ്വദേശി മരിച്ചു. ബോൾസോവറിൽ കുടുംബമായി താമസിച്ച് വരികയായിരുന്ന കോട്ടയം പള്ളം സ്വദേശി ജേക്കബ് ജോർജ്ജ് (ലിജു- 47) ആണ് മരിച്ചത്.

രണ്ടര വര്‍ഷം മുൻപാണ് സ്വകാര്യ നഴ്‌സിങ് ഹോമിൽ ജോലി ലഭിച്ചതിനെ തുടർന്ന് ഭാര്യ ലിൻസിക്ക് ഒപ്പം ജേക്കബ് ജോർജ് മക്കളുമൊത്ത് യു കെ യിൽ എത്തുന്നത്. ഭാര്യ നൈറ്റ് ഷിഫ്റ്റിന് പോയ ശേഷം മക്കളുമായി ഉറങ്ങാന്‍ കിടന്ന ജേക്കബ് ജോർജിന് പുലര്‍ച്ചെ നാലു മണിയോടെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയായിരുന്നു. മക്കളെ വിളിച്ചുണർത്തി വെള്ളം വാങ്ങി കുടിച്ച ശേഷം അടിയന്തിര വൈദ്യ സഹായം തേടിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പുലര്‍ച്ചെ നാല് മണിയോടെയാണ് മരണമടഞ്ഞത്. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനായി ചെസ്റ്റർഫീൽഡ് മലയാളി അസോസിയേഷന്റെ സഹകരണത്തോടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അഭ്യർഥന പ്രകാരം യുക്മ ചാരിറ്റി ഫൗണ്ടേഷൻ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട് നാട്ടിൽ നടത്തും. മക്കൾ : റയാൻ ജോർജ് ജേക്കബ് (13 വയസ്സ്), റീമാ റേച്ചൽ ജേക്കബ് (11 വയസ്സ്).
