പാലാ: സംസ്ഥാന ബജറ്റില്‍ പാലാ കെ.എം മാണി സ്മാരക ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റലിന് 25 കോടി രൂപയുടെ അനുമതി ലഭിച്ചു. ധനമന്ത്രി കെ.എന്‍ ബാലഗോപാലുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഹോസ്പിറ്റലിലെ റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ത്തീകരണത്തിനുമായി 20 കോടി രൂപയും ഹോസ്പിറ്റലിന്റെ ചുറ്റുമതില്‍ നിര്‍മ്മാണത്തിന് 5 കോടി രൂപയുമാണ് വകകൊള്ളിച്ചിരിക്കുന്നത് എന്ന് ജോസ് കെ മാണി എം.പി പറഞ്ഞു.

റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കിന്റെ ഒന്നാംഘട്ട നിര്‍മ്മാണത്തിനായി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 2.45 കോടി രൂപ അനുവദിച്ചിരുന്നു. ആറ്റോമിക് എനര്‍ജി റെഡുലേറ്ററി ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം റേഡിയേഷന്‍ മെഷീന്‍ സ്ഥാപിക്കാന്‍ ആവശ്യമായ കെട്ടിടവും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് തുക അനുവദിച്ചത്. ആയതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ബജറ്റ് വിഹിതം കൂടി ലഭ്യമാകുന്ന മുറയ്ക്ക് 4 നിലകളായി വിഭാവനം ചെയ്ത ഈ ബൃഹത് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കും. കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആധുനിക രോഗനിര്‍ണ്ണയ മെഷീനുകളായ പെറ്റ് സി.റ്റി സ്‌ക്കാനര്‍, എം.ആര്‍.ഐ സ്‌ക്കാനിങ്ങ്, മാമോഗ്രാം മെഷീന്‍ തുടങ്ങിയ ഇവിടെ സ്ഥാപിക്കാന്‍ സാധിക്കും. റേഡിയേഷന്‍ ചികിത്സയ്ക്ക് വരുന്ന രോഗികള്‍ക്ക് താമസസൗകര്യം ലഭ്യമാക്കാനും സാധിക്കും. റേഡിയോ ഡയഗ്നോസ്റ്റിക് ഉപകരണങ്ങളായ സി.റ്റി സ്‌കാനര്‍ കം സ്റ്റിമലേറ്റര്‍, അള്‍ട്രാസൗണ്ട് സ്‌കാനര്‍ ഉള്‍പ്പടെ 12 കോടി രൂപയുടെ അതിനൂതനസാങ്കേതിക വിദ്യയോടുകൂടിയുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി മുഖാന്തരമുള്ള പദ്ധതിക്കും സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചതാണ് എന്നും ജോസ് കെ മാണി പറഞ്ഞു.

