കാഞ്ഞിരപ്പള്ളി: "ദുർഗന്ധം മൂലം ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇവിടെ, രാത്രിയായാൽ ദുർഗന്ധം കൂടും, മണിമലയാറ്റിൽ കുളിച്ചാൽ ദുർഗന്ധവും ചൊറിച്ചിലും തലവേദനയും"- പറയുന്നത് നാളുകളായി ദുർഗന്ധം കാരണം ജീവിതം വഴിമുട്ടിനിൽക്കുന്ന കാഞ്ഞിരപ്പള്ളി ചേനപ്പാടിയിലെ നാട്ടുകാരാണ്.

ചേനപ്പാടിയിൽ പ്രവർത്തിക്കുന്ന ജോസഫ് റബ്ബേഴ്‌സ് എന്ന റബ്ബർ ഫാക്ടറിയിലെ മാലിന്യങ്ങളാണ് മണിമലയാറ്റിലൂടെ ഒഴുക്കി വിടുന്നത്. രാത്രികാലങ്ങളിലാണ് മാലിന്യങ്ങൾ കൂടുതലായും മണിമലയാറ്റിലേക്ക് ഒഴുക്കി വിടുന്നതെന്ന് നാട്ടുകാർ പറഞ്ഞു. രാത്രിയായാൽ ദുർഗന്ധം കൂടും, കൂടുതൽ നേരമായിക്കഴിയുമ്പോൾ തലവേദനയുണ്ടാകാറുണ്ടെന്നും ഇപ്പോൾ വീടിനുള്ളിൽ പോലും ഇപ്പോഴും മൂക്ക് പൊത്തി ഇരിക്കേണ്ട അവസ്ഥയിലാണെന്നും ഭക്ഷണം പോലും കഴിക്കാൻ സാധിക്കുന്നില്ല എന്നും നാട്ടുകാർ പറയുന്നു. പലപ്പോഴായി പലതവണ നാട്ടുകാർ പരാതി പറഞ്ഞെങ്കിലും ഉടമകൾ ഇതെല്ലാം തള്ളിക്കളയുന്ന നിലപാടാണ് സ്വീകരിച്ചത്. തുടർന്ന് നാട്ടുകാർ സമൂഹമാധ്യമങ്ങളിൽ കൂടി മാലിന്യവാഹിയായി മാറിയ ചേനപ്പാടിയിലെ മണിമലയാറിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു. മണിമലയാറ്റിലെ വെള്ളത്തിൽ കുളിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ. കുളിക്കുന്നവർക്ക് ദേഹമാസകലം ചൊറിച്ചിലും തലവേദനയും അനുഭവപ്പെടാറുണ്ടെന്നു നാട്ടുകാർ പറയുന്നു. ഉടമകളുടെ നിസ്സംഗമനോഭാവത്തിൽ നാട്ടുകാർ മലിനീകരണ നിയന്ത്രണ ബോർഡിൽ പരാതി നൽകി. എന്നാൽ സ്ഥലം പരിശോധിച്ച വകുപ്പിന്റെ മുന്നറിയിപ്പും ഇവർ പാടെ അവഗണിച്ച മട്ടിലാണ് ഇപ്പോൾ കാര്യങ്ങൾ. ഫാക്ടറിയിലെ മാലിന്യങ്ങൾ യാതൊരു കാരണവശാലും മണിമലയാറ്റിലേക്കോ മറ്റു സമീപത്തെ ജലാശയങ്ങളിലേക്കോ ഒഴുക്കി വിടാൻ പാടില്ല എന്നും മാലിന്യങ്ങൾ സ്ഥാപനത്തിൽ തന്നെ നിർമ്മാർജ്ജനം ചെയ്യേണ്ടതാണെന്നും മലിനീകരണ നിയന്ത്രണ ബോർഡ് ഉടമകളെ അറിയിച്ചിരുന്നു. ഉന്നത സ്വാധീനം മൂലമാണ് റബര്‍ ഫാക്ടറി മാലിന്യം മണിമലയാറ്റിലേയ്ക്ക് ഒഴുക്കിയിട്ടും യാതൊരു നടപടിയും എടുക്കാത്തത് എന്നാണ് നാട്ടുകാരുടെ പരാതി. ഇതിനിടെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമടക്കം മണിമലയാറിന്റെ തീരത്ത് മാലിന്യങ്ങൾ തള്ളുന്നതും പതിവായിരിക്കുകയാണ്. വേനൽ രൂക്ഷമായിരിക്കുന്നതോടെ കൂടുതൽ ആളുകൾ കുളിക്കുന്നതിനായി ആശ്രയിക്കുന്നത് മണിമലയാറിനെയാണ്.
Image for representation only

