പാലായും പൂഞ്ഞാറും പിടിക്കാനൊരുങ്ങി ബിജെപി, പൂഞ്ഞാറിൽ പി സി ജോർജ്ജും പാലായിൽ ഷോൺ ജോർജ്ജും മത്സരരംഗത്തേക്ക്?


ഈരാറ്റുപേട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായും പൂഞ്ഞാറും പിടിക്കാനൊരുങ്ങി ബിജെപി. ഔദ്യോഗികമായി സ്ഥാനാർത്ഥികളെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഏറെക്കുറെ രാഷ്ട്രീയ നീക്കങ്ങളുടെ അടിസ്ഥാനത്തിൽ ചിത്രങ്ങൾ വ്യക്തമായി തുടങ്ങിയിട്ടുണ്ട്. പൂഞ്ഞാറിൽ പി സി ജോർജ്ജും പാലായിൽ ഷോൺ ജോർജ്ജും എൻ ഡി എ സ്ഥാനാർഥികളായി മത്സരിച്ചേക്കുമെന്നാണ് സൂചന. 

 

 എൻഡിഎ സ്ഥാനാർഥിയായി ബിജെപി വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പാലായിൽ മത്സരിക്കാനാണ് സാധ്യതകൾ ഏറെയും. പാലാ മണ്ഡലത്തിലെ 6 പഞ്ചായത്തുകളിൽ പി സി ജോര്ജിനുള്ള വ്യക്തിപരമായ സ്വാധീനം ഷോൺ ജോർജ്ജിനെ പാലായിൽ സ്ഥാനാര്ഥിയാക്കിയാൽ ഗുണം ചെയ്യുമെന്നാണ് എൻ ഡി എ യുടെ ധാരണ. പൂഞ്ഞാർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി പി സി ജോർജ്ജ് മത്സരിച്ചേക്കും. മുന്നണിയിലും പി സി ജോർജ്ജ് മത്സരിക്കുന്നതിനെ അനുകൂലിക്കുന്നുണ്ട്. പാർട്ടി പറഞ്ഞാൽ മത്സരിക്കും. പ്രിയങ്കരമായ നാടാണ് പാലാ. വലിയൊരു ഷിഫ്റ്റ് പാലായിൽ പ്രതീക്ഷിക്കുന്നുവെന്നാണ് ഷോൺ ജോർജ് പറയുന്നത്. കഴിഞ്ഞ തവണ പൂഞ്ഞാർ മണ്ഡലത്തിൽ ജനപക്ഷ സ്ഥാനാർത്ഥിയായി പി സി ജോർജ്ജ് മത്സരിച്ചു രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. പാലായിൽ മത്സരിക്കാൻ 99 ശതമാനവും ഷോൺ ജോർജ്ജിന് തന്നെയാണ് സാധ്യത. പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാറാണെന്ന് രണ്ടു പേരും പറഞ്ഞു. പാലായിലും പൂഞ്ഞാറിലും നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഇതിനോടകം തന്നെ കളമൊരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ അച്ഛനും മകനും മത്സരിക്കേണ്ട എന്ന നിലപാടാണ് തനിക്കുള്ളത് എന്നും പൂഞ്ഞാറിൽ വിജയത്തിന് താൻ മത്സരിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് പി സി ജോർജ് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ പി സി ജോർജിന് തന്നെയാണ് പൂഞ്ഞാറിൽ വിജയസാധ്യതയുള്ളത്. കഴിഞ്ഞ തവണ നാല്പത്തിയൊന്നായിരം വോട്ടുകൾ നേടി യുഡിഎഫിനെ പിന്തള്ളിക്കൊണ്ട് പി സി ജോർജ് പൂഞ്ഞാറിൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.