കോട്ടയം: ജില്ലയിൽ പ്രവർത്തിക്കുന്ന ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ, ദന്തചികിത്സാകേന്ദ്രങ്ങൾ തുടങ്ങി എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങൾക്കും കേരള ക്ലിനിക്കൽ എസ്റ്റാബ്‌ളിഷ്‌മെന്റ് (രജിസ്‌ട്രേഷൻ ആൻഡ് റെഗുലേഷൻ ആക്ട് 2018) പ്രകാരം രജിസ്‌ട്രേഷൻ നിർബന്ധമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൻ. പ്രിയ അറിയിച്ചു.

അത്യാഹിതം സംഭവിച്ച് ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന രോഗിയെ പ്രാഥമിക ചികിത്സ നൽകി അടിയന്തര സാഹചര്യം തരണം ചെയ്യാൻ സഹായിക്കേണ്ടത് ആശുപത്രികളുടെ ഉത്തരവാദിത്തമാണ്. മുൻകൂർ തുകയടച്ചില്ല, രേഖകളില്ല തുടങ്ങിയ കാരണങ്ങളാൽ ചികിത്സ നിഷേധിക്കാൻ പാടില്ല. കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെങ്കിൽ അതിനുള്ള സൗകര്യം ഒരുക്കേണ്ടതാണ്. ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്താൽ ചികിത്സാ രേഖകളും പരിശോധനാ റിപ്പോർട്ടുകളും രോഗിക്ക് കൈമാറേണ്ടത് ആശുപത്രിയുടെ ഉത്തരവാദിത്തമാണ്. കൺസൾട്ടേഷൻ, പരിശോധന, ചികിത്സ മറ്റ് സേവനങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ നിരക്കുകളും ഉൾപ്പെടുത്തിയ ഇനം തിരിച്ച ബില്ല് രോഗികൾക്ക് നൽകണം. എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളും പേഷ്യന്റ് ഇൻഫർമേഷൻ ബ്രോഷർ സ്ഥാപനത്തിന്റെ വെബ് സൈറ്റിൽ ഡൗൺലോഡ് ചെയ്യുന്ന തരത്തിൽ ലഭ്യമാക്കുകയും സ്ഥാപനത്തിനുള്ളിൽ പൊതുജനങ്ങൾക്ക് വ്യക്തമായി കാണാവുന്ന തരത്തിൽ താഴെ പറയുന്ന കാര്യങ്ങൾ പ്രദർശിപ്പിക്കണം.
1 ലഭ്യമായ സേവനങ്ങൾ
2 അടിസ്ഥാന സേവനങ്ങളുടെയും സൗകര്യങ്ങളുടെയും നിരക്കുകളും പാക്കേജുകളും. പ്രദർശിച്ചിച്ച നിരക്കുകളിൽ കൂടുതൽ രോഗിയിൽ നിന്നും ഈടാക്കാൻ പാടുള്ളതല്ല
3 - നിലവിലുള്ള കിടക്ക. ഓപ്പറേഷൻ എ.സിയു ഒപ്പറേഷൻ തീയേറ്റർ വിവരങ്ങൾ
4 രോഗിയുടെ അവകാശങ്ങൾ
5. പരാതികൾ ബോധിപ്പിക്കേണ്ട ഓഫീസറുടെ പേര്, (തസ്തിക,ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), ഫോൺ നമ്പർ), രോഗികളുടെ പരാതി പരിഹരിക്കാൻ പ്രത്യേക ഡെസ്‌ക് ക്ലിനിക്കൽ സ്ഥാപനങ്ങളിൽ നിർബന്ധമാണ്. പരാതി ലഭിച്ച് 7 പ്രവൃത്തി ദിവസത്തിനുള്ളിൽ പരിഹരിക്കണം. ഗുരുതരമായ പരാതികൾ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം )ക്ക് കൈമാറണം. വിശദാംശങ്ങൾ https:// clinical establishments kerala.gov.in / act - rules എന്ന വെബ് സൈറ്റ് ലിങ്കിൽ ലഭ്യമാണ്. ഹൈക്കോടതി നിർദ്ദേശാനുസരണം ജില്ലയിലെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റുകളായ എല്ലാവിധ ആശുപത്രികളും, ക്ലിനിക്കുകളും, ഡയഗ്‌നോസ്റ്റിക് സ്ഥാപനങ്ങളും കേരള ക്ലിനിക്കൽ എസ്റ്റാബ്‌ളിഷ് മെന്റ് ആക്ട് 2018 ലെ 39, 47 സെക്ഷനുകൾ പൂർണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
