
എരുമേലി: മാനവ മതമൈത്രിയുടെ ഈറ്റില്ലമായ എരുമേലിയിൽ ചന്ദനക്കുട മഹോത്സവത്തിന്റെ ഭാഗമായി അമ്പലപ്പുഴ-ആലങ്ങാട്ട് പേട്ട സംഘവും മഹല്ലാ മുസ്ലിം ജമാഅത്ത് പ്രതിനിധികളും മതസാമുദായിക നേതാക്കളുമായുള്ള സൗഹൃദ സംഗമം നടന്നു.
മഹല്ലാ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് നാസർ പനച്ചി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റോ ആന്റണി എം പി ഉത്‌ഘാടനം നിർവ്വഹിച്ചു. ശ്രീമദ് സ്വാമി ആത്മദാസ് യമി മുഖ്യപ്രഭാഷണം നടത്തി. മത-രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക മേഖലകളിലെ നിരവധി പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു. ഹിന്ദു മുസ്ലിം ഐക്യത്തിന്റെ പ്രതീകമായി നടത്തുന്ന ചന്ദനക്കുടം ഘോഷയാത്രയ്ക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.
അയ്യപ്പനും വാവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ ബലവത്തായ ഇഴയടുപ്പം തലമുറകൾ ഹൃദയത്തിൽ സൂക്ഷിക്കുന്നതിന്റെ ഉത്തമ ദൃഷ്ടാന്തം കൂടിയാണ് ഈ ആഘോഷം. മതമൈത്രിക്ക് പുറമെ ദേശത്തിന്റെ സാംസ്കാരികതയുടെ അടയാളം കൂടിയായി ഈ ആഘോഷം മാറിക്കഴിഞ്ഞു. വൈകിട്ട് 6 ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
ചന്ദനക്കുടം ഘോഷയാത്രയുടെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും. ഉത്‌ഘാടന സമ്മേളനത്തിൽ സമുദായിക, സാമൂഹിക സാംസ്കാരിക പ്രതിനിധികളും പങ്കെടുക്കും. വൈകിട്ട് ആരംഭിക്കുന്ന ഘോഷയാത്രയ്ക്ക് വിവിധ സ്ഥലങ്ങളിൽ സ്വീകരണം ഒരുക്കിയിട്ടുണ്ട്. പുലർച്ചെ മൂന്നരയോടെയാകും ഘോഷയാത്ര തിരികെ പള്ളിയിൽ എത്തിച്ചേരുക.