ശബരിമല: മകരവിളക്ക് തീർഥാടനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് അതിവിപുലമായ മുന്നൊരുക്കങ്ങളാണ് കെ.എസ്.ആർ.ടി.സി നടത്തിയിട്ടുള്ളത്. ചരിത്രത്തിലാദ്യമായി മടക്ക യാത്രയ്ക്ക് കെഎസ്ആർടിസി പമ്പയിൽ 1000 ബസുകൾ ക്രമീകരിക്കും. ജനുവരി 14 മകരവിളക്ക് ദിവസം മകര ജ്യോതി ദർശനത്തിനുശേഷം തീർത്ഥാടകർക്ക് നിലയ്ക്കലിൽ എത്തിച്ചേരുന്നതിനും വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള ദീരഘദൂര യാത്രയ്ക്കുമായാണ് ബസുകൾ ക്രമീകരിക്കുന്നത്.

മകരവിളക്ക് സ്പെഷ്യൽ സർവീസുമായി ബന്ധപ്പെട്ട കെഎസ്ആർടിസി ജീവനക്കാർക്കായി കേരള ശുചിത്വ മിഷൻ നൽകിയ പ്രകൃതി സൗഹൃദ സഞ്ചികളിൽ 2350 ഫുഡ് കിറ്റുകൾ കെഎസ്ആർടിസി തയ്യാറാക്കിയിട്ടുണ്ട്. പത്തനംതിട്ട ഇടത്താവളം പമ്പ എരുമേലി എന്നിവിടങ്ങളിൽ ജീവനക്കാർക്കായി ഈ ഫുഡ് കിറ്റുകൾ വിതരണം ചെയ്യും. കൂടാതെ വിവിധ കെഎസ്ആർടിസി യൂണിറ്റുകൾ സമാഹരിച്ച ലഘു ഭക്ഷണങ്ങളും വിതരണം ചെയ്യും. പമ്പ- നിലയ്ക്കൽ ചെയിൻ സർവീസ്, പമ്പയിൽ നിന്നുള്ള ദീർഘദൂരസർവ്വീസുകൾ, പാർക്കിംഗ് സർക്കുലർ സർവീസുകൾ എന്നിവ ഉൾപ്പെടെ 204 ബസുകൾ നിലവിൽ പമ്പയിലുണ്ട്. ഇത് കൂടാതെ പത്തനംതിട്ട, ചെങ്ങന്നൂർ, കോട്ടയം, എരുമേലി, കുമിളി ,കൊട്ടാരക്കര , പുനലൂർ , എറണാകുളം അടക്കം വിവിധ സ്പെഷ്യൽ സെൻ്ററുകളിൽ നിന്നായി 248 ബസ്സുകളും ഒപ്പറേറ്റ് ചെയ്ത് വരുന്നു. ഇതിനു പുറമേയാണ് 548 ബസുകൾ കൂടി പ്രത്യേക സർവ്വീസിനായി മകരവിളക്ക് ദിവസം എത്തിക്കുന്നത്. ജനുവരി 12 മുതൽ ഹിൽടോപ്പിൽ ചെറുവാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കിയതിനാൽ ചെയിൻ ദീർഘദൂര ബസ്സുകൾക്ക് ട്രാഫിക് ബ്ലോക്ക് ഇല്ലാതെ സുഗമമായി ഓപ്പറേറ്റ് ചെയ്യുവാൻ കഴിയും. വടക്ക് /തെക്ക് മേഖലകളിൽ നിന്നുളള ബസുകൾ സർവീസിൽ ഉൾപ്പെടുത്തി സർവീസ് ആയി 13ന് ( ചൊവ്വ) വൈകിട്ട് /രാത്രി പത്തനംതിട്ടയിലും മധ്യ മേഖലയിൽ നിന്നുള്ളവ സർവീസ് നടത്തിയ ശേഷം 13ന് ( ചൊവ്വ) രാത്രി കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവിടങ്ങളിലും എത്തിച്ചേരും. ഇവ രാവിലെ 10 മണിക്ക് മുൻപായി പമ്പയിൽ റിപ്പോർട്ട് ചെയ്ത് നിർദ്ദേശം അനുസരിച്ച് പാർക്ക് ചെയ്യും. നിലവിൽ സ്പെഷ്യൽ സെൻ്ററിൽ അടക്കം പൂൾ ചെയ്ത ബസ്സുകൾ ഉച്ചയോടെ പമ്പയിൽ സർവിസ് അവസാനിപ്പിക്കും. പോലീസ് നിർദ്ദേശപ്രകാരം തിരക്ക് അനുസരിച്ചും ട്രാഫിക് തടസം ഇല്ലാതെയും നിയന്ത്രിതമായി മാത്രമേ പമ്പയിൽ നിന്നും നിലക്കലിൽ നിന്നും ദീർഘദുര സർവിസുകളും ചെയിൻ സർവിസുകളും മകരവിളക്ക് ദിവസം മകരജ്യോതിക്ക് മുൻപ് ഓപ്പറേറ്റ് ചെയ്യുകയുള്ളൂ. പമ്പ- നിലയ്ക്കൽ ചെയിൻ സർവീസിനുള്ള ബസുകൾ പമ്പ ഹിൽടോപ് പാർക്കിങ് ഗ്രൗണ്ട് മുതൽ 21 കിലോമീറ്റർ അകലെ നിലയ്ക്കൽ വരെ റോഡിന്റെ ഒരു വശത്ത് ട്രാഫിക് തടസമില്ലാതെ കൃത്യതയോടെ നിരയായി പാർക്ക് ചെയ്യും. പമ്പ-നിലയ്ക്കൽ ചെയിനുകൾ ത്രിവേണി പെട്രോൾ പമ്പ്, ദീർഘദൂര ബസുകൾ പമ്പ കെഎസ്ആർടിസി സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നാണ് പുറപ്പെടുന്നത്. മകരജ്യോതി തെളിഞ്ഞാൽ ഉടൻ ചെയിൻ സർവീസുകൾ ആരംഭിക്കും. രണ്ട് റൗണ്ട് ചെയിൻ പൂർത്തിയാക്കുന്നതിനൊപ്പം മടക്കയാത്രാ ദീർഘദൂര സർവ്വീസുകളും ആരംഭിക്കുന്നതാണ്. ശേഷം തിരക്ക് നിയന്ത്രണ വിധേയമായി എന്ന് ഉറപ്പാക്കിമാത്രമേ പോലിസിൻ്റെ നിർദ്ദേശപ്രകാരം ഏതെങ്കിലും ചെറു വാഹനങ്ങൾ ഉണ്ടെങ്കിൽ പമ്പയിൽ നിന്നും കടത്തി വിടുകയുള്ളൂ. ഇത് ട്രാഫിക് തടസമില്ലാതെ ചെയിൻ, ദീർഘദൂര സർവീസുകളുടെ ഇരുവശത്തേക്കുമുള്ള രണ്ട് നിരയായുള്ള, കൃത്യമായ സർവിസ് ട്രാഫിക് ബ്ലോക്ക് ഇല്ലാതെ ഭക്തജന ലക്ഷങ്ങളെ സമയബന്ധിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുവാൻ പര്യപ്തമാക്കും. ഇത്തരത്തിൽ എല്ലാ ക്രമീകരണങ്ങളും പോലീസ് , ദേവസ്വം വകുപ്പുകളുമായി ചേർന്ന് സജ്ജീകരിച്ച് പദ്ധതികൾ കൃത്യമായി തയ്യാറാക്കിയിട്ടുണ്ട്.
