കാഞ്ഞിരപ്പള്ളി: യാത്രയ്ക്കിടയിൽ അസ്വസ്ഥത അനുഭവപ്പെട്ടയാളുമായി ആശുപത്രിയിലേക്ക് പാഞ്ഞു കയറിയ കെ എസ് ആർ ടി സി ബസ്സ് ജനറൽ ആശുപത്രി കവാടത്തിൽ കുടുങ്ങി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്ക് മുൻപിൽ കഴിഞ്ഞ ദിവസമാണ് സംഭവം.

കുമളിയിൽ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരൻ പുതുപ്പറമ്പിൽ പ്രസാദിന്(52) കാഞ്ഞിരപ്പള്ളിയിൽ എത്തിയപ്പോൾ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. ഇതോടെ ബസ് ഡ്രൈവർ സതീഷ്, കണ്ടക്ടർ ജയപ്രകാശ് എന്നിവർ ചേർന്ന് ബസ്സ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് കയറ്റുകയായിരുന്നു. എന്നാൽ ജനറൽ ആശുപത്രിയിലേക്ക് ദേശീയപാതയിൽ നിന്ന് ബസ് തിരിഞ്ഞ് കയറുന്നതിനിടെ റോഡിലെ കട്ടിങ്ങിനും സമീപത്തെ തിട്ടയിലുമായി കുടുങ്ങുകയായിരുന്നു. ബസ്സ് മുൻപോട്ടും പിന്നോട്ടും അനങ്ങാതെ കുടുങ്ങിയതോടെ യാത്രക്കാരുടെ സഹായത്തോടെ രോഗിയെ ബസ്സിൽ നിന്നിറക്കി അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേനയെത്തി ജാക്കി ഉപയോഗിച്ച് ബസ്സ് ഉയർത്തിയ ശേഷം തിട്ടയിലെ കല്ലുകൾ ഇളക്കി മാറ്റിയാണ് ബസ്സ് റോഡിലേക്ക് ഇറക്കിയത്.
