ഒറ്റ സ്‌കാനിങ്ങിലൂടെ രോഗനിര്‍ണയം; പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അത്യാധുനിക സ്‌പെക്റ്റ് സ്‌കാന്‍.


പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി പാലായിലെ മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്റ് റിസര്‍ച്ച് സെന്ററില്‍ സ്ഥാപിച്ച അത്യാധുനിക സിമന്‍സ് സിംബിയ ഇവോ എക്സല്‍ ഗാമ ക്യാമറ സ്‌പെക്റ്റിന്റെ സേവനങ്ങള്‍ ആരംഭിച്ചു. ഓങ്കോ സയന്‍സസ് വിഭാഗത്തില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ ഗാമ ക്യാമറ സ്‌പെക്റ്റിന്റെ വെഞ്ചരിപ്പും ഉദ്‌ഘാടനവും നിര്‍വഹിച്ചു. സ്‌പെക്റ്റ് നൽകുന്ന ത്രീഡി ഇമേജുകൾ വഴി അവയവങ്ങളുടെ പ്രവർത്തനങ്ങളെ വിലയിരുത്തി രോഗനിർണയത്തിന്റെ കൃത്യത മെച്ചപ്പെടുത്തുന്നതാണ് ഗാമ ക്യാമറ സ്‌പെക്റ്റിന്റെ പ്രത്യേകത. ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം അതിവിശദമായി നിരീക്ഷിക്കാന്‍ സാധിക്കുന്നതിനാല്‍ രോഗനിര്‍ണയത്തില്‍ കൂടുതൽ കൃത്യത കൈവരിക്കാനും ചികിത്സയില്‍ ആവശ്യമായ മാറ്റങ്ങള്‍ തത്സമയം വരുത്തുന്നതിനും ഡോക്ടര്‍മാര്‍ക്കു സാധിക്കും. മറ്റ് സ്കാനിങ്ങുകളിലൂടെ കണ്ടെത്താൻ കഴിയാതെ പോകുന്ന രോഗാവസ്ഥകളെയും പ്രാരംഭ ഘട്ടങ്ങളിൽ ഉണ്ടാകുന്ന അവയവങ്ങളുടെ പ്രവർത്തന വ്യതിയാനങ്ങളെയും കൃത്യമായി തിരിച്ചറിയുന്നതിൽ സ്‌പെക്റ്റ് ഏറ്റവും മികച്ച നിർണയമാർഗങ്ങളിലൊന്നാണ്. അള്‍ട്രാസൗണ്ട്, എക്‌സ്‌റേ, സിടി, എംആര്‍ഐ എന്നിവ ശരീരഘടനയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതാകുമ്പോള്‍, ന്യൂക്ലിയര്‍ മെഡിസിന്‍ സ്‌കാനുകളായ സ്‌പെക്റ്റ്, പെറ്റ് സിടി എന്നിവ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെയാണ് വിലയിരുത്തുന്നത്. ന്യൂക്ലിയര്‍ മെഡിസിന്‍ പരിശോധനകളില്‍ ഉപയോഗിക്കുന്ന മരുന്നിന്റെ അളവ് ഒരു ഗ്രാമിന്റെ ആയിരം ദശലക്ഷത്തില്‍ ഒന്ന് മാത്രമായതിനാല്‍ മറ്റ് സ്‌കാനുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ റേഡിയേഷന്റെ അളവും വളരെ കുറവാണ്. കാന്‍സര്‍, ഹൃദ്രോഗങ്ങള്‍, തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങള്‍, അസ്ഥി സംബന്ധമായ വ്യതിയാനങ്ങള്‍, വൃക്കകളുടെ പ്രവര്‍ത്തനക്കുറവ് തുടങ്ങി വിവിധ മേഖലകളിലുള്ള രോഗത്തിന്റെ സ്വഭാവം, വ്യാപ്തി, പുരോഗതി എന്നിവ മനസ്സിലാക്കുന്നതിനും തലച്ചോറ്, കരള്‍, ശ്വാസകോശം തുടങ്ങി ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി രോഗം നിര്‍ണയിക്കുകയും ചികിത്സയുടെ പുരോഗതി നിരീക്ഷിക്കുന്നതിനും ഗാമ ക്യാമറ സ്പെക്റ്റ് ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നു. രോഗബാധിതമായ കോശങ്ങളെ മാത്രം ലക്ഷ്യമാക്കി ചികിത്സ നല്‍കുന്നതിനും ആരോഗ്യമുള്ള കോശങ്ങളെ റേഡിയേഷന്റെ പാര്‍ശ്വഫലങ്ങളില്‍നിന്ന് പരമാവധി സംരക്ഷിക്കുന്നതിനും ന്യൂക്ലിയര്‍ മെഡിസിന്‍ തെറാപ്പി  സഹായിക്കുന്നു. തൈറോയ്ഡ് കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍, പോളിസൈത്തീമിയ, ന്യൂറോഎന്‍ഡോക്രൈന്‍ ട്യൂമറുകള്‍ തുടങ്ങി നിരവധി കാന്‍സറുകള്‍ക്കാണ് ന്യൂക്ലിയര്‍ മെഡിസിന്‍ ഉപയോഗിച്ച് ചികിത്സ നടത്തുന്നത്. ന്യൂക്ലിയര്‍ മെഡിസിന്‍ ചികിത്സ ഹൈപ്പര്‍തൈറോയ്ഡിസത്തിനും വളരെ ഫലപ്രദമാണ്. മയോകാര്‍ഡിയല്‍ പെര്‍ഫ്യൂഷന്‍ ആൻഡ് ഫംഗ്ഷൻ സ്റ്റഡി, റീനോഗ്രാം, റീനല്‍ കോര്‍ട്ടിക്കല്‍ ഇമേജിംഗ്, ട്രാന്‍സ്‌പ്ലാന്റ് കിഡ്‌നി സ്റ്റഡി, തൈറോയ്ഡ് സ്‌കാന്‍, പാരത്തൈറോയ്ഡ് സ്‌കാന്‍, ബോൺ സ്‌കാൻ, ഹെപറ്റോബിലിയറി ആൻഡ് ഗാസ്‌ട്രോയിന്റസ്റ്റൈനല്‍ സ്‌കാൻ, ഡിമെന്‍ഷ്യ അസസ്മെന്റ് സ്റ്റഡികള്‍ തുടങ്ങിയവയാണ് സ്‌പെക്ട് സ്‌കാനറിലൂടെ ചെയ്യാൻ കഴിയുന്ന പ്രധാന പരിശോധനകള്‍. ചടങ്ങില്‍ ഹോസ്പിറ്റൽ സിഇഒ റവ. ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍, ഡയറക്ടർമാരായ റവ. ഫാ. ജോസ് കീരഞ്ചിറ, റവ. ഡോ. ജോസഫ് കരികുളം, റവ. ഡോ. ഇമ്മാനുവല്‍ പറേക്കാട്ട്, റവ. ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, റവ. ഫാ. മാത്യു ചേന്നാട്ട്, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍ കൊമഡോര്‍ ഡോ. പോളിന്‍ ബാബു, ഓങ്കോ സയന്‍സസ് വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. റോണി ബെന്‍സണ്‍, ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ബ്രിഗേഡിയര്‍ (ഡോ.) എം. ജെ. ജേക്കബ് (റിട്ട.), സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ജോഫിന്‍ കെ. ജോണി, റേഡിയേഷന്‍ ഓങ്കോളജി വിഭാഗം കോ-ഓര്‍ഡിനേറ്ററും കണ്‍സള്‍ട്ടന്റുമായ ഡോ. സോണ്‍സ് പോള്‍, അസോസിയേറ്റ് കണ്‍സള്‍ട്ടന്റ്മാരായ ഡോ. ആന്‍സി മാത്യു, ഡോ. വിഷ്ണു രഘു, ന്യൂക്ലിയര്‍ മെഡിസിൻ വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ. ജയേഷ് എം എന്നിവര്‍ പങ്കെടുത്തു.