ഇനി ഓൾഡ് അല്ല! കേരളത്തിലെ ആദ്യത്തെ ജെൻ-സീ പോസ്റ്റ് ഓഫീസ് എക്സ്റ്റൻഷൻ കൗണ്ടർ കോട്ടയത്ത് സിഎംഎസ് കോളേജിൽ, ഇത് ഹൈടെക് പോസ്റ്റ് ഓഫീസ്!


കോട്ടയം: ഒരു കാലത്തെ ആശയവിനിമയ മാർഗ്ഗമായിരുന്ന കത്തും കത്ത് ഇടപാടുകളും പുതിയ സാങ്കേതിക വിദ്യകളുടെ വരവോടെ പുതുതലമുറയ്ക്ക് അന്യമായി മാറിയിരിക്കുകയാണ്. ഇപ്പോഴത്തെ യുവതലമുറ പോസ്റ്റ് ഓഫീസുകളെ ഒരു സേവനങ്ങൾക്കും ആശ്രയിക്കുന്നില്ല എന്നതാണ് സത്യം. പോസ്റ്റ് ഓഫിസുകളെ പുതുതലമുറയ്ക്കിടയിൽ ജനകീയമാക്കുന്നതിന്‍റെ ഭാഗമായി തപാൽ വകുപ്പ് ഒരുക്കുന്ന ‘ജെൻ സി പോസ്റ്റ് ഓഫിസു’കളിൽ സംസ്ഥാനത്തെ ആദ്യത്തെ പോസ്റ്റ് ഓഫീസ് എക്സ്റ്റൻഷൻ കൗണ്ടർ കോട്ടയം സിഎംഎസ് കോളജിൽ പ്രവർത്തനം ആരംഭിച്ചു. കോളജിന്‍റെ പ്രധാന കവാടം കടന്നെത്തുമ്പോൾ കാണുന്ന അക്വേറിയത്തിനു സമീപത്തെ മുറിയിലാണ് പോസ്റ്റ് ഓഫിസ് പ്രവർത്തിക്കുന്നത്. ഇന്ത്യാ പോസ്റ്റ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ സിഎംഎസ് കോളേജ് വിദ്യാർത്ഥികളാണ് ഇതിൻ്റെ രൂപകൽപ്പനയും നിർമ്മാണങ്ങളും നടത്തിയിരിക്കുന്നത്. വർക്ക്‌പ്ലേസ്, മീറ്റിങ് ഏരിയ, ക്രിയേറ്റീവ് ഹബ്ബ്, റിലാക്സേഷൻ സോൺ, കമ്മ്യൂണിറ്റി കോർണർ എന്നീ രീതിയിലും ഈ കൗണ്ടർ പ്രവർത്തിക്കും. 90 ശതമാനവും ഡിജിറ്റൽ സേവനങ്ങളാണ് ജെൻ സി പോസ്റ്റ് ഓഫിസിൽ ലഭിക്കുന്നത്. ക്യുആർ അധിഷ്‌ഠിത പാഴ്‌സൽ ബുക്കിങ് ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് പുറമേ ഓൺലൈൻ സേവനങ്ങൾ മാത്രം ലഭ്യമാക്കുന്ന സ്‌മാർർട്ട് സർവീസ് ടച്ച് പോയിന്‍റുകൾ, റീഡിങ് റൂം, വൈഫൈ സോൺ എന്നിവ ജെൻ സി പോസ്റ്റ് ഓഫിസിൽ ഒരുക്കിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദമായ ഇരിപ്പാടങ്ങൾ,ഗാർഡൻ, ചാർജിങ് പോയിന്റുകൾ, പാക്കേജിങ് മെറ്റീരിയലുകൾ, പുതിയ സ്റ്റാമ്പുകൾ അപ്പോൾ തന്നെ പ്രിന്റ് ചെയ്യാവുന്ന 'മൈസ്റ്റാമ്പ്' പ്രിൻ്റർ എന്നിവയോട് കൂടിയ ബുക്കിങ് കൗണ്ടർ എന്നിവയും ഇവിടെയുണ്ട്. അക്ഷരങ്ങളുടെ നാടായ കോട്ടയത്തിൻ്റെ സാംസ്‌കാരിക പൈതൃകം മുൻനിർത്തിയാണ് കൗണ്ടറിന്റെ നിർമ്മാണവും അലങ്കാരങ്ങളും നടത്തിയിരിക്കുന്നത്. ഇനി കാത്തിടപാടുകൾക്ക് മാത്രമല്ല ഒഴിവ് സമയത്ത് ഒത്തുകൂടാനും ഈ ഇടം സൂപ്പറാണ്. കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന്റെ ഒരു എക്സ്റ്റന്‍ഷന്‍ കൗണ്ടറായാണ് പ്രവർത്തനം. കേരള സെൻട്രൽ റീജിയൺ പോസ്റ്റൽ സർവീസസ് ഡയറക്ടർ എൻ.ആർ.ഗിരി കൗണ്ടർ ഉദ്ഘാടനം ചെയ്തു.