കോട്ടയം: അക്ഷര നഗരിയുടെ ചരിത്രത്തിൽ ഇടം നേടിയ ക്രിസ്മസ് പാപ്പാമാർ ഒന്നിച്ചെത്തുന്ന ബോൺ നത്താലേ വ്യാഴാഴ്ച നടക്കും. ഇത്തവണ 5000 ക്രിസ്മസ് പാപ്പാമാർ ഒന്നിച്ചെത്തുന്ന ‘ബോൺ നത്താലേ സീസൺ-5’ ആണ് നടക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിലും ഇത്തരത്തിൽ റാലി നടത്തിയിരുന്നു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും സ്ഥാപനങ്ങളിലെ ജീവനക്കാരും റാലിയിൽ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് പോലീസ് പരേഡ് ഗ്രൗണ്ടിൽ ജില്ലാ പോലീസ് ചീഫ് ഷാഹുൽ ഹമീദ് ഫ്ളാഗ് ഓഫ് നിർവഹിക്കും. തുടർന്ന് നിശ്ചല ദൃശ്യങ്ങളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ ശാസ്ത്രി റോഡ്, സെൻട്രൽ ജങ്ഷൻ, കെകെ റോഡ് വഴി മാമ്മൻ മാപ്പിള നഗരസഭാഹാളിൽ എത്തിച്ചേരും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുമെന്ന് കോട്ടയം സിറ്റിസൺ ഫോറം പ്രസിഡന്റ് റവ. ഫാ. ഡോ. ബിനു കുന്നത്ത് അറിയിച്ചു.

