അഷ്ടമി ദർശനത്തിനൊരുങ്ങി വൈക്കം, ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി നാളെ.


വൈക്കം: അഷ്ടമി ദർശനത്തിനൊരുങ്ങി വൈക്കം മഹാദേവ ക്ഷേത്രം. നാളെയാണ് ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി. നൂറുകണക്കിന് ഭക്തജനങ്ങളാണ് ഓരോ ദിവസവും ക്ഷേത്രത്തിൽ ദർശനത്തിനു എത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ നീണ്ടനിരയായിരുന്നു. മണിക്കൂറുകളോളം കാത്തു നിന്ന ശേഷമാണ് ദർശനത്തിനു അവസരമൊരുക്കിയത്. നാളെ പുലർച്ചെ 3.30ന് നട തുറന്ന് ഉഷപൂജയ്ക്കും എതൃത്തപൂജയ്ക്കും ശേഷം 4.30ന് അഷ്ടമി ദർശനത്തിനായി നട തുറക്കും.  നാലരയ്ക്കാണ് അഷ്ടമി ദർശനം. വൃശ്ചിക മാസത്തിലെ അഷ്ടമിനാളിൽ ക്ഷേത്രത്തിലെ കിഴക്കേ ആൽത്തറയിൽ വ്യാഘ്രപാദ മഹർഷിക്ക് ഭഗവാൻ ദർശനം നൽകിയെന്നാണ് വിശ്വാസം. നാളെ പുലർച്ചെയുള്ള അഷ്ടമി ദർശനത്തിനായി ഭക്തരുടെ കാത്തുനിൽപ് ഇന്നു രാത്രിയോടെ ആരംഭിക്കും.ദർശനത്തിനും വൈക്കത്തപ്പന്റെ ഇഷ്ട വഴിപാടായ പ്രാതലുണ്ണാനും ആയിരങ്ങൾ വൈക്കത്തെത്തും. അഷ്ടമിവിളക്ക് രാത്രി 11ന്. തുടർന്ന് വലിയ കാണിക്ക, ഉദയനാപുരത്തപ്പന്റെ വിട പറയൽ.