തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിച്ചു. കഴിഞ്ഞ മാസത്തെ കുടിശ്ശികയും വർദ്ധിപ്പിച്ച പെൻഷൻ തുകയും അടക്കം 3600 രൂപയാണ് ഓരോ ഗുണഭോക്താവിനും ലഭ്യമാകുക. 62 ലക്ഷത്തോളം വരുന്ന ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് തുക ഉടനെ ലഭിക്കും. ഇതോടെ ഇന്നു മുതൽ കേരളത്തിൽ ക്ഷേമപെൻഷൻ കുടിശ്ശിക ഇല്ലാതാകുന്നു. 1600 ൽ നിന്നും 2000 ആയി വർദ്ധിപ്പിച്ച ക്ഷേമപെൻഷൻ തുക ഇന്നു മുതൽ 62 ലക്ഷം പേരിലേക്കെത്തുന്നു എന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. നിലവിലുണ്ടായിരുന്ന ഒരു ഗഡു ക്ഷേമപെൻഷൻ കുടിശ്ശികയും ഈ മാസത്തെ വർധിപ്പിച്ച പെൻഷൻ തുക 2000 വും ചേർത്ത് 3600 രൂപയാണ് ജനങ്ങളിലേക്കെത്തുന്നത്. ഒരാഴ്ച കൊണ്ട് പെൻഷൻ വിതരണം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ സംസ്ഥാനത്തിനു മുകളിൽ ചുമത്തുന്ന ബഹുമുഖവും അപ്രതീക്ഷിതവുമായ സാമ്പത്തിക ഉപരോധങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്ത് ഇത് സാധിച്ചു എന്നത് സർക്കാരിനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണ് എന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം മെച്ചപ്പെടുത്താനും കടം- ജിഎസ്ഡിപി അനുപാതം കുറച്ചു കൊണ്ടുവരാനും കഴിഞ്ഞു. സംസ്ഥാനത്തിന്റെ തനത് വരുമാനത്തിലും വലിയ വർദ്ധനവ് കൈവരിച്ചു. കേന്ദ്ര വിഭവ കൈമാറ്റത്തിൽ ഉണ്ടായ വെട്ടിക്കുറവാണ് സംസ്ഥാനത്ത് ധനഞെരുക്കമുണ്ടാക്കുന്നത്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ കഴിഞ്ഞതിൽ അതിയായ ചാരിതാർത്ഥ്യമുണ്ട്. ചെയ്യാൻ കഴിയുന്നത് മാത്രമേ ഇടതുപക്ഷം പറയാറുള്ളൂ എന്നും പറയുന്നതെല്ലാം ചെയ്യുകയും ചെയ്യുമെന്നതും ഇതാണ് ഇടതു സർക്കാരിന്റെ വാക്ക് എന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിച്ചു.
