കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു, മുൻ നഗരസഭ അംഗവും മകനും പിടിയിൽ.


കോട്ടയം: കോട്ടയത്ത് മുൻ നഗരസഭ അംഗവും മകനും ചേർന്ന് യുവാവിനെ കുത്തിക്കൊന്നു. കോട്ടയം മാണിക്കുന്നത്താണ് സംഭവം. തോട്ടയ്ക്കാട് വാടകയ്ക്ക് താമസിച്ചിരുന്ന പുതുപ്പള്ളി മാങ്ങാനം താന്നിക്കല്‍ വീട്ടിൽ ആദര്‍ശാണ് കൊല്ലപ്പെട്ടത്. ഇയാളെ കോട്ടയം നഗരസഭയിലെ മുൻ കൗൺസിലറായ വി കെ അനില്‍കുമാറും മകൻ അഭിജിത്തും ചേര്‍ന്നാണ് കുത്തിക്കൊന്നത്. അനിൽകുമാറിന്റെ വീടിനു മുന്നിൽ വച്ചാണ് ആദർ‌ശ് മരിച്ചത്. അഭിജിത്തും കൊല്ലപ്പെട്ട ആദർശും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം. ആദർശും സുഹൃത്തുക്കളും അർധരാത്രിയോടെ അഭിജിത്തിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ഇത് സംഘർഷത്തിലെത്തുകയും അഭിജിത്ത് കത്തിയെടുത്ത് ആദർശിനെ കുത്തുകയുമായിരുന്നു. ബോധരഹിതനായ ആദർശിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അഭിജിത്തിനെതിരെ കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പിതാവിന്റെ പങ്ക് അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ 1.30 നും 2 നും ഇടയിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ലഹരിമാരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം.

Next
This is the most recent post.
Previous
Older Post