പാലാ: പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ സമാപന സമ്മേളനം രാഷ്ട്രപതി ദ്രൗപതി മുർമു ഉത്‌ഘാടനം ചെയ്യും. തിരുവനന്തപുരത്തു നിന്ന് വൈകീട്ട് 3.50ന് പാലാ സെന്റ് തോമസ് കോളജിലെ ഹെലിപ്പാഡിൽ രാഷ്ട്രപതി ഹെലികോപ്ടറിൽ എത്തിച്ചേരും. പാല സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനം ഉദ്ഘാടനം ചെയ്യും. തുടർന്ന് കോളജിലെ ഒരുമണിക്കൂർ നീളുന്ന പരിപാടിക്കു ശേഷം പാലായിൽ നിന്ന് ഹെലികോപ്ടറിൽ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ എത്തും. 6.20ന് റോഡ്മാർഗം രാഷ്ട്രപതി കുമരകം താജ് റിസോർട്ടിലെത്തും. കുമരകം താജ്ഹോട്ടലിൽ അത്താഴം കഴിച്ച് വിശ്രമിക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തിൽ കോട്ടയം ജില്ലയിലെ ആദ്യ പരിപാടിയാണ് വ്യാഴാഴ്ച പാലായിൽ നടക്കുന്നത്. ആദ്യമായാണ് പദവിയിലിരിക്കെ ഒരു രാഷ്ട്രപത്രി പാലാ സെന്റ്‌തോമസ് കോളേജിൽ എത്തുന്നത്. പട്ടംതാണുപിള്ളയുടെ നേതൃത്വത്തിൽ ആദ്യത്തെ ജനകീയ മന്ത്രിസഭ തിരുവിതാംകൂർ ഭരണം ഏറ്റെടുത്തതിന് ശേഷം 1949 ഡിസംബർ ആറിന് കോളേജിന് താത്കാലിക അനുമതി ലഭിച്ചു. 1950 ഏപ്രിൽ 16-ന് മദ്രാസ് ആർച്ച്ബിഷപ്പ് മാർ മത്യാസ് ശിലാസ്ഥാപനം നിർവഹിച്ചു. പാലാ സെയ്ന്റ് തോമസ് ഹൈസ്‌കൂളിലെ ഒരുമുറിയായിരുന്നു കോളേജ് ഓഫീസായി പ്രവർത്തിച്ചിരുന്നത്. 1950 ഓഗസ്റ്റ് ഏഴിന് മാർ തോമസ് തറയിൽ കോളേജ് ഉദ്ഘാടനം നിർവഹിച്ചു. ജവഹർലാൽ നെഹ്രുവിന്റെ സാമ്പത്തികോപദേഷ്ടാവായിരുന്ന ഡോ. പി.ജെ. തോമസായിരുന്നു പ്രഥമ പ്രിൻസിപ്പൽ. 1976 ഫെബ്രുവരി 12-ന് രജതജൂബിലി ഉദ്ഘാടനം നിർവഹിച്ചത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു. മഹാത്മഗാന്ധി സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ ഡോ. എ.റ്റി. ദേവസ്യാ, മുൻ വൈസ് ചാൻസലർമാരായ ഡോ. ബാബു സെബാസ്റ്റ്യൻ ,ഡോ. സിറിയക് തോമസ് എന്നിവർ ഇവിടുത്തെ അധ്യാപകരായിരുന്നു. അർജുന അവാർഡ് ജേതാക്കളായ ജിമ്മി ജോർജ്, വിൽസൺ ചെറിയാൻ, ദ്രോണാചാര്യ അവാർഡ് ജേതാവ് എൻ.എസ്. പ്രദീപ്, ജി.വി. രാജ അവാർഡ് ജേതാവ് മനോജ് ലാൽ എന്നിവരും കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ പൂർവവിദ്യാർഥികളാണ്. വനംവകുപ്പ് മുൻമന്ത്രി എൻഎം. ജോസഫ്, മുൻ എംഎൽഎ വി.ജെ. ജോസഫ്, മുൻ ഗവർണർ കെ.എം. ചാണ്ടി എന്നിവർ സെയ്ന്റ് തോമസിലെ അധ്യാപകരായിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റീസായിരുന്ന കെ.ജി. ബാലകൃഷ്ണൻ, ജസ്റ്റിസ് സിറിയക് ജോസ്, മുൻ ചീഫ് സെക്രട്ടറിമാരായ കെ.ജെ. മാത്യു, ടോം ജോസ് എന്നിവരും പൂർവവിദ്യാർഥികളാണ്. ഉപരാഷ്ട്രപതിയായിരുന്ന വി വി ഗിരി, രാഷ്ട്രപതി സ്ഥാനത്തു നിന്നും വിരമിച്ച ശേഷം എ പി ജെ അബ്ദുൽ കലാം, പ്രധാനമന്ത്രിമാരായിരുന്ന ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, തുടങ്ങിയവരും പാലാ സെന്റ് തോമസ് കോളേജിൽ എത്തിയിട്ടുണ്ട്.
പ്രമുഖരുടെ പാദമുദ്ര പതിഞ്ഞ കലാലയം, പ്ലാറ്റിനം ജൂബിലി നിറവിൽ സെന്റ് തോമസ് കോളേജ്, രാഷ്ട്രപതിയെ സ്വീകരിക്കാൻ ഒരുങ്ങി പാലാ.
