രാഷ്ട്രപതിയുടെ സന്ദർശനം; കനത്ത സുരക്ഷയിൽ കോട്ടയം, ആദ്യമായി കോട്ടയത്ത് എത്തുന്ന രാഷ്ട്രപതിയെ സ്വീകരിക്കാനൊരുങ്ങി പാലായും കോട്ടയവും കുമരകവും.


കോട്ടയം: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ജില്ലയിലെ സന്ദർശനത്തിൽ പഴുതടച്ചു കനത്ത സുരക്ഷയൊരുക്കി കോട്ടയം. ആദ്യമായി കോട്ടയത്ത് എത്തുന്ന രാഷ്ട്രപതിയെ സ്വീകരിക്കാനൊരുങ്ങുകയാണ് പാലായും കോട്ടയവും കുമരകവും. രാഷ്ട്രപതി കടന്നു പോകുന്ന റോഡിന് ഇരുവശവും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇന്നും നാളെയും കോട്ടയത്തും ഇന്ന് പാലായിലും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തു നിന്ന്​ വൈകീട്ട്​ 3.50ന്​ പാലാ സെന്‍റ്​ തോമസ്​ കോളജിലെ ഹെലിപ്പാഡിൽ രാഷ്ട്രപതി ഹെലികോപ്ടറിൽ എത്തിച്ചേരും. പാല സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനം ഉദ്ഘാടനം ചെയ്യും. തുടർന്ന്​ കോളജിലെ ഒരുമണിക്കൂർ നീളുന്ന പരിപാടിക്കു ശേഷം പാലായിൽ നിന്ന്​ ഹെലികോപ്​ടറിൽ കോട്ടയം പൊലീസ്​ പരേഡ്​ ഗ്രൗണ്ടിൽ എത്തും. 6.20ന് റോഡ്​മാർഗം രാഷ്ട്രപതി കുമരകം താജ് റിസോർട്ടിലെത്തും. കുമരകം താജ്​ഹോട്ടലിൽ അത്താഴം കഴിച്ച്​ വിശ്രമിക്കും. കോട്ടയത്തുനിന്ന് കുമരകത്തേക്ക് രാഷ്ട്രപതിക്കു സഞ്ചരിക്കേണ്ട വാഹന വ്യൂഹത്തിന്റെ ട്രയൽ റൺ നടത്തി. പോലീസ് പരേഡ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറക്കി ട്രയൽ റൺ നടത്തിയിരുന്നു. രാഷ്ട്രപതി എത്തുന്നതോടെ കുമരകത്തിനു ഇത് അഭിമാന നിമിഷമാണ്. രാജ്യത്തിന്റെ രണ്ട് വനിതാ രാഷ്ട്രപതിമാരും എത്തിയ ഇടം എന്നതു കുമരകത്തിന്റെ പെരുമയേറ്റും. 2 ഡിഐജിമാരുടെ നേതൃത്വത്തിൽ 7 ജില്ലാ പൊലീസ് മേധാവികൾക്കാണ് സുരക്ഷാച്ചുമതല. 1500ഓളം സായുധ പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുനിന്നത്. കുമരകത്ത് ഇന്നു താമസിക്കുന്ന രാഷ്ട്രപതി നാളെ 11ന് കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ എത്തി ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക് പോകും.