ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലുൾപ്പടെ അതിശക്തമായ മഴ, വിവിധയിടങ്ങളിൽ വെള്ളക്കെട്ട്, കോട്ടയം ജില്ലയിൽ വ്യാഴാഴ്ച വരെ യെല്ലോ അലേർട്ട്.


കോട്ടയം: ഞായറാഴ്ച ഉച്ചക്ക് ശേഷം ലഭിച്ചത് ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലുൾപ്പടെ അതിശക്തമായ മഴ. കനത്ത മഴയും ഇടിയുമാണ് മലയോര മേഖലകളായ എരുമേലി,കാഞ്ഞിരപ്പള്ളി,മുണ്ടക്കയം ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ശക്തമായ മഴയിൽ തോടുകളിലുൾപ്പടെ ജലനിരപ്പ് വേഗത്തിൽ ഉയർന്നു. എരുമേലിയിലെ കാഞ്ഞിരപ്പള്ളിയും റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. എരുമേലിയിൽ എരുമേലി റാന്നി റോഡിൽ ഫോറസ്റ്റ് ഓഫീസിനു സമീപം റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കാഞ്ഞിരപ്പള്ളിയിൽ കുരിശുകവലയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കാഞ്ഞിരപ്പള്ളി-മണിമല റോഡിൽ കുരിശിങ്കലിലെ ടാക്സി സ്റ്റാൻഡിൽ വെള്ളം കയറി. ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ വ്യാഴാഴ്ച വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ അറബിക്കടലിനും അതിനോടു ചേർന്ന വടക്കൻ കേരളതീരത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.