കെഎസ്ആർടിസി ബസുകളിൽ കാൻസർ രോഗികൾക്ക് സൗജന്യ യാത്ര; പ്രഖ്യാപനവുമായി മന്ത്രി ഗണേഷ് കുമാർ.


തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ കാൻസർ രോഗികൾക്ക് സൗജന്യ യാത്ര പ്രഖ്യാപനവുമായി ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ കെഎസ്ആർടിസി ബസുകളിലും റേഡിയേഷനും കീമോയ്ക്കുമായി പോകുന്ന കാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര അനുവദിക്കുമെന്നാണ് മന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്നവർക്കും യാത്ര സൗജന്യമാണ്. ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് കാണിച്ച് പാസ് വാങ്ങി യാത്ര ചെയ്യാമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ഇതിൽ കെഎസ്ആർടിസി ഡയറക്ടർ ബോർഡ് ഇന്നുതന്നെ തീരുമാനം എടുത്ത് നടപ്പിലാക്കുമെന്നാണ് വിവരം. നിലവിലുള്ള ഉത്തരവ് പ്രകാരം 50 ശതമാനം നിരക്കിൽ ഇളവുണ്ടായിരുന്നു. ഇതാണ് പൂർണമായും സൗജന്യമാക്കുന്നത്. കാൻസർ സെന്ററുകളിലേക്ക് പോകുന്ന അർബുദ രോഗികൾക്ക് യാത്രാ ഇളവ് നൽകുന്ന 2012ലെ ഉത്തരവിൽ മാറ്റം വരുത്തിയാണ് ഇത് നടപ്പാക്കുന്നത്. റേഡിയേഷനും കീമോയ്ക്കുമായി ആശുപത്രിയിലേക്ക് പോകുന്ന രോഗികൾക്ക് ഈ സേവനം ലഭ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി.