കാത്തിരിപ്പിനൊടുവിൽ കുമരകം കോണത്താറ്റ് പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു.


കുമരകം: കാത്തിരിപ്പിനൊടുവിൽ കുമരകം കോണത്താറ്റ് പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു. കോട്ടയം-കുമരകം റോഡില്‍ ഗതാഗതക്കുരുക്ക് നേരിട്ടിരുന്ന ഇടുങ്ങിയ പാലമായിരുന്നു കോണത്താറ്റ് പാലം. നാലുമീറ്റര്‍ മാത്രമായിരുന്നു പൊളിച്ചു നീക്കിയ പാലത്തിന്റെ വീതി. കാലങ്ങളായി ചുവപ്പുനാടയില്‍ കുരുങ്ങിക്കിടന്ന പാലം നിര്‍മ്മാണം മന്ത്രി ആയപ്പോൾ ഏറ്റെടുത്ത പ്രധാന പദ്ധതികളിൽ ഒന്നായിരുന്നു എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. നിരവധി പ്രതിസന്ധികൾ മറികടന്ന് കുമരകത്തിന് നൽകിയ വാഗ്ദാനം യാഥാർത്ഥ്യത്തിലേക്ക് എത്തുകയാണ് എന്നും അദ്ദേഹം പറഞ്ഞു. കാരിക്കാത്തറ പാലത്തിൻ്റെ നിർമ്മാണത്തിനും സ്ഥലം ഏറ്റെടുക്കുന്നതിനും യൂട്ടിലിറ്റികൾ മാറ്റുന്നതിനും 17.107 കോടി രൂപയും കോട്ടയം കുമരകം റോഡിന്റെ സ്ഥലം ഏറ്റെടുപ്പിന് 12.383 കോടി രൂപ യും ഉൾപ്പെടെ 29.49 കോടി രൂപ അനുവദിച്ചു. 26.2 മീറ്റർ നീളത്തിലും 13 മീ. വീതിയിലും പാലം നിർമ്മാണം പൂർത്തീകരിച്ചു. നിർമ്മാണം നടക്കുന്ന സമയത്ത് ചെറുവാഹനങ്ങൾക്ക് കടന്നു പോകുന്നതിനായി താൽക്കാലിക റോഡ് പൂർത്തിയാക്കി. ഗതാഗതകുരുക്ക് ഉണ്ടാകാതെ നിയന്ത്രിക്കുന്നതിനായി ഇരുകരകളിലും പൊലീസിന്റെ സേവനം ഉറപ്പാക്കിയായിരുന്നു നിർമ്മാണം. ഇതിനോട് പൂർണ്ണമായും സഹകരിച്ച് വികസനത്തിനൊപ്പം നിന്ന നാട്ടുകാർ മത സാമുദായിക സംഘടനാ നേതൃത്വമടക്കം എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തിലൂടെയാണ് നാടിന്റെ കാലങ്ങളായ ആവശ്യം യാഥാർത്ഥ്യമായത് എന്നും മന്ത്രി പറഞ്ഞു. കുമരകം മേഖലയുടെ വികസനത്തിന് പുതിയ വേഗം കൈവരികയാണ് ഇതിലൂടെ. ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ പാലത്തിലൂടെ കടത്തിവിടും. പുതിയ പാലത്തിനൊപ്പം ബണ്ട് റോഡിലൂടെയും ഗതാഗതം തുടരും. ടാറിംഗ് അടക്കം പൂർത്തിയാക്കി പാലത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം പിന്നീട് മാത്രമാകും നടക്കുക. പാലം തുറന്നതോടെ മൂന്നു വർഷമായി കുമരകം നിവാസികൾ അനുഭവിച്ച യാത്രാ ക്ലേശത്തിന് ഒരു പരിധി വരെ പരിഹാരമാകുകയാണ്. രാഷ്ട്രപതിയുടെ കുമരകം സന്ദർശനം ഈ മാസം 23 ന് നടക്കുന്നതിനാൽ പുതിയ പാലത്തിലൂടെ ഉടൻ ഗതാഗതം സാധ്യമാകുമെന്ന സൂചനയുണ്ടായിരുന്നു.