കോട്ടയം: 2024–25 സാമ്പത്തിക വർഷത്തിലെ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലയിലെ മികച്ച കുടുംബശ്രീ സ്ഥാപനങ്ങളെയും പ്രവർത്തകരെയും ആദരിക്കുന്നതിനായി കുടുംബശ്രീ ജില്ലാ മിഷൻ കോട്ടയം സംഘടിപ്പിച്ച “ADMIRE 2K25” ജില്ലാതല അവാർഡ് ദാന ശില്പശാലയും വെബ്സൈറ്റ് ലോഞ്ചും നടന്നു. ഏറ്റുമാനൂർ കൈലാസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി സഹകരണ-ദേവസ്വം-തുറമുഖം വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്ത് അവാർഡുകൾ വിതരണം ചെയ്തു. മികച്ച അയൽക്കൂട്ടം, എ.ഡി.എസ്., സി.ഡി.എസ്., വ്യക്തിഗതവും ഗ്രൂപ്പ് സംരംഭങ്ങളും, ഓക്സിലറി ഗ്രൂപ്പുകളും സംരംഭങ്ങളും, ജെൻഡർ റിസോഴ്‌സ് സെന്റർ, ബഡ്സ് സ്ഥാപനം, ബാലസഭ, ഫോട്ടോഗ്രാഫി വിജയികൾ, ഹരിത കർമ്മ സേന കൺസോർഷ്യം, ഏറ്റുമാനൂർ BNSEP എന്നിവർക്കുള്ള അംഗീകാരങ്ങൾ ചടങ്ങിൽ നൽകി. ചടങ്ങിൽ ജില്ലാ മിഷൻ കോഡിനേറ്റർ അഭിലാഷ് കെ ദിവാകർ സ്വാഗതം ആശംസിച്ചു. ആര്യ രാജൻ, ഇ എസ് ബിജു, അമ്പിളി ബേബി, പ്രകാശ് ബി നായർ എന്നിവർ സംസാരിച്ചു. കുടുംബശ്രീ സേവനങ്ങളും പ്രവർത്തനങ്ങളും എല്ലാ അയൽക്കൂട്ടങ്ങളിലേക്കും സുതാര്യമായി എത്തിക്കുന്നതിനായി സ്വന്തം വെബ്സൈറ്റ് രൂപീകരിക്കുന്ന കേരളത്തിലെ ആദ്യത്തെ സിഡിഎസ് എന്ന നിലയിൽ ഏറ്റുമാനൂർ നഗരസഭ കുടുംബശ്രീ സി.ഡി.എസ്. തന്റെ ഔദ്യോഗിക വെബ്സൈറ്റ് ലോഞ്ച് ചെയ്തു.കുടുംബശ്രീ സംരംഭങ്ങളും നൂതന സാധ്യതകളും എന്ന വിഷയത്തിൽ സെമിനാറും നടന്നു. വൈകുന്നേരം ക്ലോക്ക് മ്യൂസിക്കൽ ബാൻഡ് കോട്ടയം അവതരിപ്പിച്ച സംഗീത നിശയും വിവിധ കലാപരിപാടികളും ADMIRE 2K25-ന് സാംസ്കാരിക നിറങ്ങൾ പകർന്നു.
കുടുംബശ്രീയുടെ തിളക്കത്തിൽ ‘ADMIRE 2K25’ മികച്ച പ്രവർത്തകരെയും സ്ഥാപനങ്ങളെയും ജില്ലാ മിഷൻ ആദരിച്ചു.