കോട്ടയം അയർക്കുന്നത്ത് ഭർത്താവ് കൊലപ്പെടുത്തിയ അതിഥി തൊഴിലാളി അൽപ്പനയുടെ സംസ്കാരം ഇന്ന്.


കോട്ടയം: കോട്ടയം അയർക്കുന്നത്ത് ഭർത്താവ് കൊലപ്പെടുത്തിയ അതിഥി തൊഴിലാളി അൽപ്പനയുടെ സംസ്കാരം ഇന്ന് നടക്കും. അൽപ്പനയുടെ ബന്ധുക്കൾ ഇന്നലെ വൈകുന്നേരത്തോടെ എത്തിയതിനെ തുടർന്ന് പോസ്റ്റുമോർട്ടം നടപടികൾ കോട്ടയം മെഡിക്കൽ കോളേജിൽ പൂർത്തിയായിരുന്നു. കോട്ടയം നഗരസഭയുടെ പൊതുശ്മശാനത്തിലാണ് സംസ്കാരം നടക്കുക. നിര്‍മാണ തൊഴിലായ ഭര്‍ത്താവ് സോണി കഴിഞ്ഞ 14ന് ആണ് ഭാര്യയെ കാണാനില്ലെന്ന് കാട്ടി അയര്‍ക്കുന്നം പൊലീസില്‍ പരാതി നല്‍കുന്നത്. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് സോണിയെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. ഭാര്യയ്ക്ക് മറ്റൊരാളുമായി ഉണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മൂന്ന് വർഷമായി അയർക്കുന്നത്താണ് പ്രതിയും ഭാര്യയും താമസിക്കുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ അന്നേ ദിവസം രാവിലെ സോണി ഇളപ്പാനി ജങ്ഷനു സമീപം ഭാര്യയ്‌ക്കൊപ്പം നടന്നു പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഈ ദൃശ്യത്തിൽ സോണി മാത്രമാണ് തിരികെ പോകുന്നത്. ഇതാണ് പോലീസിന്റെ സംശയം ബലപ്പെടുത്തിയത്. നിര്‍മാണത്തിലിരിക്കുന്ന വീടിനോടു ചേര്‍ന്ന ഭാഗം വിജനമാണെന്ന് വ്യക്തമായി അറിയാവുന്നതിനാലാണ് മൃതദേഹം ഇവിടെ കുഴിച്ചിടാൻ തീരുമാനിച്ചത്. പരാതി നൽകിയ ശേഷം ഇയാൾ നാട്ടിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ എറണാകുളം റെയിൽവെ സ്‌റ്റേഷനിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.