കോട്ടയം: പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ കോട്ടയം ജില്ലയിൽ വിജയവഴിയിൽ. പദ്ധതിയുടെ ഭാഗമായി ഈ വർഷം അധികമായി 679 ഹെക്ടർ സ്ഥലത്ത് കൃഷി വ്യാപിക്കുന്നതിനുള്ള കാർഷിക വികസന-കർഷക ക്ഷേമ വകുപ്പിന്റെ നടപടികൾ പുരോഗമിക്കുകയാണ്. അഞ്ചു വർഷത്തിനുള്ളിൽ നാട്ടിൽ ആവശ്യമുള്ളത്ര പച്ചക്കറികൾ ഇവിടെ തന്നെ ഉത്പാദിപ്പിക്കാൻ കഴിയുന്ന നിലയിലേക്ക് എത്തുകയാണ് ലക്ഷ്യം. ജില്ലയിൽ കഴിഞ്ഞ വർഷം 6673 ഹെക്ടറിലാണ് പച്ചക്കറിക്കൃഷി ഉണ്ടായിരുന്നത്. കാർഷിക വികസന, കർഷകക്ഷേമ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയുക്ത നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് സമഗ്ര പച്ചക്കറി ഉദ്പാദനയജ്ഞം ആരംഭിച്ചത്. ഗുണമേന്മയുള്ളതും വിഷരഹിതവുമായ പച്ചക്കറികൾ കേരളത്തിൽത്തന്നെ ഉദ്പാദിപ്പിക്കുന്നതിനൊപ്പം ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുന്നതിനും കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് മുഖ്യമന്ത്രിയുടെ പ്രത്യേക പദ്ധതിയെന്നനിലയിലാണ് സംസ്ഥാനമാകെ നടപ്പിലാക്കുന്നത്. സുഗമമായ നിർവഹണത്തിന് ജില്ലാ,ബ്ലോക്ക്,ഗ്രാമപഞ്ചായത്ത് തലങ്ങളിൽ സമിതികൾ പ്രവർത്തിക്കുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കുന്ന ഉദ്പാദന പ്ലാനുകളുടെ അടിസ്ഥാനത്തിൽ ഓരോ പ്രദേശത്തിനും അനുയോജ്യമായ വിളകൾ തിരഞ്ഞെടുത്താണ് കൃഷി. പദ്ധതി നടത്തിപ്പിന് കോട്ടയം ജില്ലയിൽ കൃഷിവകുപ്പ് 3.8 കോടി രൂപയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 4.1 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 51 ക്ലസ്റ്ററുകളിലായി 255 ഹെക്ടർ സ്ഥലത്താണ് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കൃഷിയിറക്കുന്നത്. ക്ലസ്റ്റർ അടിസ്ഥാനത്തിലല്ലാതെ 70 ഹെക്ടറിലും കൃഷി ചെയ്യും. ഇതിനു പുറമേ വിദ്യാഭ്യാസം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾ വഴി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും വളപ്പുകളിൽ കൃഷി ചെയ്യും. വാണിജ്യ കൃഷിയോടൊപ്പം വീട്ടുവളപ്പുകളിൽ ലഭ്യമായ സ്ഥലത്തും കൃഷിവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സർക്കാർ ഫാമുകളിലും കൃഷി ചെയ്യും. മട്ടുപ്പാവുകളിലും ഫ്ളാറ്റുകളിലെ ബാൽക്കണികളിലും ചട്ടികളിലുള്ള പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുകയുംചെയ്യും. വിവിധ പദ്ധതികൾ പ്രകാരം രൂപീകരിച്ച ഉദ്പാദന, മൂല്യവർധന,സേവന മേഖലയിലെ കൃഷിക്കൂട്ടങ്ങളെയും കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ,പുരുഷ സ്വയംസഹായ സംഘങ്ങൾ തുടങ്ങിയവയെയും ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പച്ചക്കറിക്കൃഷിക്ക് അനുയോജ്യമായ മുഴുവൻ തരിശുഭൂമിയും കണ്ടെത്തി പ്രയോജനപ്പെടുത്തുന്നതിന് തൊഴിലുറപ്പു തൊഴിലാളികളുടെയും കർഷകഗ്രൂപ്പുകളുടെയും കൃഷിക്കൂട്ടങ്ങളുടെയും സേവനം പ്രയോജനപ്പെടുത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വാർഡുതലത്തിലുള്ള തരിശുഭൂമിയുടെ ഡേറ്റാബാങ്ക് തയ്യാറാക്കും. ഈ വർഷം ജില്ലയിൽ വീട്ടുവളപ്പുകളിലെ കൃഷിക്കായി 100 രൂപ വിലയുള്ള 5000 ഹൈബ്രിഡ് പച്ചക്കറി വിത്തുപാക്കറ്റുകൾ വി.എഫ്.പി.സി.കെ. മുഖേന സൗജന്യമായി വിതരണം ചെയ്തു. കൃഷിഭവനുകൾ വഴി ആറുലക്ഷം പച്ചക്കറിത്തൈകളുടെ വിതരണം പൂർത്തിയായിവരുന്നു. ഈ തൈകളുടെ സൗജന്യ വിതരണത്തിന് 18 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വീട്ടുവളപ്പിലെ കൃഷിക്കായി പത്തുരൂപ വിലയുള്ള 50000 വിത്തു പാക്കറ്റുകളും സൗജന്യമായി നൽകി. ഏഴായിരം പോഷകത്തോട്ടങ്ങൾ സ്ഥാപിക്കുന്നതിന് 35 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. മട്ടുപ്പാവ് കൃഷിയുടെ ഭാഗമായി ഗ്രോബാഗിനു പകരം എച്ച്.ഡി.പി.ഇ ബാഗുകളിലോ ചട്ടികളിലോ പച്ചക്കറിക്കൃഷി ചെയ്യുന്നതിന് യൂണിറ്റിന്(25 എണ്ണം) 3750 രൂപ സബ്സിഡി നിരക്കിൽ ജില്ലയിൽ 600 യൂണിറ്റുകൾക്കായി 22.5 ലക്ഷം രൂപ നീക്കിവച്ചിരിക്കുന്നു. പരമ്പരാഗത ഇനം പച്ചക്കറികളുടെ കൃഷി പ്രോത്സാഹനത്തിന് ഒന്നേകാൽ ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറിക്കൃഷി ക്ലസ്റ്റർ അടിസ്ഥാനത്തിൽ പ്രോത്സാഹിപ്പിക്കുന്നതിന് അഞ്ചു ഹെക്ടർ വീതമുള്ള 51 ക്ലസ്റ്ററുകൾക്ക് ധനസഹായം നൽകുന്നതിന് 63.75 ലക്ഷം രൂപയും വകയിരുത്തി. തരിശുനിലം കൃഷിയോഗ്യമാക്കുന്നതിന് 12 ഹെക്ടർ സ്ഥലത്തേക്ക് 4.8 ലക്ഷം രൂപ ചെലവിടും. പരമ്പരാഗത വിത്തുഫെസ്റ്റ്, ജില്ലാതല ശില്പശാല, പരിശീലനം,അവബോധ പരിപാടി എന്നിവയ്ക്കായി 6.58 ലക്ഷം രൂപയാണ് ചെലവഴിക്കുക. ജില്ലയ്ക്കാവശ്യമായതിൽ 35 ശതമാനം കുറവു പച്ചക്കറികളേ നിലവിൽ ഇവിടെ ഉദ്പാദിപ്പിക്കുന്നുള്ളൂ എന്നാണ് കണക്ക്. കുറവ് നികത്താൻ ഓരോ വർഷവും 600 ഹെക്ടറിലെങ്കിലും പുതിയതായി പച്ചക്കറിക്കൃഷി വ്യാപിപ്പിക്കാനാണ് കൃഷി വകുപ്പ ലക്ഷ്യമിടുന്നതെന്ന് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ റെജിമോൾ തോമസ് പറഞ്ഞു.പദ്ധതിയിലൂടെ ജെവകൃഷി പ്രോത്സാഹനവും സാധ്യമാകും.
പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ കോട്ടയം ജില്ലയിൽ വിജയവഴിയിൽ; ജില്ലയിൽ ഈ വർഷം 679 ഹെക്ടറിൽക്കൂടി പച്ചക്കറി കൃഷി.
