കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ മരണപെട്ട തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ കുടുംബത്തിനായി നിര്‍മിച്ച പുതിയ വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി,


തലയോലപ്പറമ്പ്: കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ മരണപെട്ട തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ കുടുംബത്തിനായി നിര്‍മിച്ച പുതിയ വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തുക കണ്ടെത്തി ബിന്ദുവിന്റെ വീടിന്റെ പുനർനിർമാണം വേഗത്തിൽ പൂർത്തിയാക്കിയത്. സെപ്റ്റംബര്‍ 26-ന് വെളളിയാഴ്ച വൈകിട്ട് 5 മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു വീടിന്റെ താക്കോല്‍ കൈമാറും. സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍, സി കെ ആശ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും. കുടുംബത്തിന് വാസയോഗ്യമായ വീട് നിർമിച്ചുനൽകുമെന്ന് മന്ത്രി ആർ ബിന്ദു ഉറപ്പ്‌ നൽകിയിരുന്നു. 12.80 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം.മെഡിക്കൽ കോളജ് പതിനാലാം വാര്‍ഡിലെ കെട്ടിടത്തിന്‍റ ഭിത്തി ഇടിഞ്ഞു വീണുണ്ടായ അപകടത്തിലാണ് ബിന്ദു മരണപ്പെട്ടത്. മകൾ നവമിയുടെ ചികിത്സയ്ക്കായി ഒപ്പം നിൽക്കാൻ എത്തിയതായിരുന്നു തലയോലപ്പറമ്പിലെ വസ്ത്രശാലയിലെ ജീവനക്കാരിയായിരുന്ന ബിന്ദു.