തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോട്ടയം ജില്ലയിൽ വ്യാഴം-വെള്ളി ദിവസങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഗംഗാതട പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതായും അടുത്ത 24 മണിക്കൂറിനുള്ളിൽ ഇതു ദുർബലമാകാൻ സാധ്യതഎന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സെപ്തംബർ 25 നു മധ്യ കിഴക്കൻ-വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു പുതിയ ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യത. സെപ്തംബർ 26- ഓടെ വടക്കൻ ആന്ധ്രാ-തെക്കൻ ഒഡിഷ തീരത്തിന് സമീപം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ച് സെപ്‌റ്റംബർ 27 -ഓടെ വടക്കൻ ആന്ധ്രാ-തെക്കൻ ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. സെപ്റ്റംബർ 25, 26, 27 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ന്യൂനമർദ്ദം! സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയം ജില്ലയിൽ വ്യാഴം-വെള്ളി ദിവസങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു കേന്ദ്ര കാലാവസ്ഥ വകുപ്പ്.
