കോട്ടയം ജില്ലയിലെ വലിയ കുടിവെള്ള പദ്ധതികളിലൊന്നായ മീനച്ചിലാറിൽ മലിനീകരണ തോത് അപകടകരമാകും വിധം ഉയരുന്നു, ഉയർന്ന അളവിൽ ഇ-കോളിയും കോളിഫോം ബാക്ടീരിയയുടെയു


കോട്ടയം: കോട്ടയം ജില്ലയിലെ വലിയ കുടിവെള്ള പദ്ധതികളിലൊന്നായ മീനച്ചിലാറിൽ മലിനീകരണ തോത് അപകടകരമാകും വിധം ഉയരുന്നു, ഉയർന്ന അളവിൽ ഇ-കോളിയും കോളിഫോം ബാക്ടീരിയയുടെയും സാന്നിധ്യം. മീനച്ചിലാറിൽ മലിനീകരണ തോത് അപകടകരമാകും വിധം ഉയരുന്നതായി പഠനങ്ങൾ.  വടവാതൂരിലെ ജില്ലാ ക്വാളിറ്റി കൺട്രോൾ ലാബിൽ നടത്തിയ പരിശോധനയിൽ ആണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. മീനച്ചിലാറ്റിലെ താഴത്തങ്ങാടി ഭാഗത്താണ്‌ ഏറ്റവും മലിനമായ ജലമുള്ളതെന്ന്‌ കണ്ടെത്തി. ഇവിടെ 100 മില്ലിലിറ്റർ വെള്ളത്തിൽ 4,600 ഇ–കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. നദിയിലേക്ക് മാലിന്യങ്ങൾ തള്ളുന്നതും മനുഷ്യവിസർജ്യങ്ങൾ തള്ളുന്നതും കൂടുന്നതാണ് ഇത്തരത്തിൽ ബാക്ടീരിയയുടെ അളവ് കൂടാൻ കാരണമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പാലാ, കുമ്മണ്ണൂർ, ആറുമാനൂർ, പൂവത്തുംമൂട്‌, വെള്ളൂപ്പറമ്പ്‌ എന്നിവിടങ്ങളിൽനിന്നും മീനച്ചിലാറ്റിലെ ജലസാമ്പിളുകളെടുത്ത്‌ പരിശോധന നടത്തി. ആറ്‌ താഴേയ്‌ക്ക്‌ വരുംതോറും മാലിന്യം കൂടിവരുന്നതായാണ്‌ പരിശോധനാഫത്തിൽ നിന്നും അറിയാൻ സാധിക്കുന്നത്. പാലാ ഭാഗത്താണ്‌ ബാക്ടീരിയയുടെ അളവ് കുറവ്. 100 മില്ലിയിൽ 750 എണ്ണം ആണ് കണ്ടെത്തിയിരിക്കുന്നത്. താഴത്തങ്ങാടിയിൽ കഴിഞ്ഞ വർഷം ആഗസ്‌തിൽ നടത്തിയ പഠനത്തിൽ ബാക്ടീരിയയുടെ അളവ് വെറും 28 മാത്രമായിരുന്നു. ബാക്ടീരിയകളുടെ എണ്ണത്തിൽ അപകടകരമായ രീതിയിലുള്ള വർധനവാണ് ഉണ്ടായിരിക്കുന്നത്. ജൂലൈയിൽ 1500 മാത്രമായിരുന്ന താഴത്തങ്ങാടിയിലെ ഇ–കോളി ബാക്ടീരിയയുടെ തോത് ഓഗസ്റ്റിൽ 4600 ൽ എത്തി. ഭക്ഷണാവശിഷ്ടം, കോഴിമാലിന്യം മുതലായവയിൽനിന്നുണ്ടാകുന്ന കോളിഫോം ബാക്ടീരിയയുടെ അളവും മീനച്ചിലാറ്റിൽ കൂടുതലാണ്.  താഴത്തങ്ങാടിയിൽ 100 മില്ലിയിൽ 1,10,000 കോളിഫോം ബാക്ടീരിയയയുടെ സാന്നിധ്യമാണ്‌ കണ്ടെത്തിയത്‌.