മുണ്ടക്കയം: കുടുംബ വഴക്കിനെ തുടർന്ന് മുണ്ടക്കയത്ത് ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപരിക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു.

മുണ്ടക്കയം പുഞ്ചവയലിൽ ഇന്ന് രാവിലെയാണ് സംഭവം. പുഞ്ചവയൽ സ്വദേശികളായ ചെറിത്തോട്ടത്തിൽ ബീനാ നന്ദൻ(64) മകൾ സൗമ്യ(33) എന്നിവരെയാണ് വെട്ടിപ്പരിക്കേല്പിച്ചത്. ഇരുവർക്കും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലയിലും മുഖത്തും കൈകളിലുമായാണ് വെട്ടേറ്റത്ത്. സംഭവത്തെ തുടർന്ന് മുണ്ടക്കയം പോലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് കരിനിലം സ്വദേശിയയായ കുഴിപ്പറമ്പിൽ പ്രദീപിനെ(49) തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ നാളുകളായി പ്രദീപ് സൗമ്യയുമായി അകന്നു കഴിയുകയായിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ ഇവർ താമസിക്കുന്ന വാടക വീട്ടിൽ എത്തി ബഹളം ഉണ്ടാക്കുകയും തുടർന്ന് ആക്രമണത്തിൽ കലാശിക്കുകയും ചെയ്തത്. ഇരുവരുടെയും ബഹളം കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. ഇതിനിടെ പ്രദീപ് ഓടി രക്ഷപ്പെടുകയായിരുന്നു. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
