മണർകാട്: എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭസ്ഥാനവും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രവുമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാൾ ആചാരണത്തിൽ വിശ്വാസപൂർവ്വം നേര്ച്ച കാഴ്ചകൾ സമർപ്പിച്ചു പങ്കെടുക്കാനെത്തി പതിനായിരക്കണക്കിന് വിശ്വാസികൾ.
കൂടുതൽ തീർത്ഥാടകർ എത്തുന്നതോടെ വലിയ ക്രമീകരണങ്ങളാണ് ഇത്തവണ ഏർപ്പാടാക്കിയിരിക്കുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി നാനാജാതി മതസ്ഥരായ ആയിരങ്ങളാണ് എട്ടുനോമ്പ് ആചരണത്തിനും പെരുന്നാളിനുമായി ഇവിടേക്കെത്തിക്കൊണ്ടിരിക്കുന്നത്. പള്ളിയുടെ പ്രധാന മദ്ഹബഹായിലെ ത്രോണോസിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദർശനത്തിനായി വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന ചരിത്ര പ്രസിദ്ധമായ ചടങ്ങാണ്. ചരിത്രപ്രസിദ്ധമായ നടതുറക്കൽ സെപ്റ്റംബർ 7 ന് ആണ്. ശനിയാഴ്ചയാണ് കുരിശു പള്ളികളിലേക്കുള്ള ചരിത്ര പ്രസിദ്ധമായ റാസാ.