തലയോലപ്പറമ്പ്: കോട്ടയം മെഡിക്കൽ കോളേജിലെ ഉപയോഗശൂന്യമായ കെട്ടിടം പൊളിഞ്ഞു വീണുണ്ടായ അപകടത്തിൽ മരണമടഞ്ഞ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ വാഗ്ദാന പ്രകാരം പുനർനിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറി. കുടുംബം നവീകരിച്ച പുതിയ വീട്ടിൽ താമസം ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്കീമാണ് 12.80 ലക്ഷം രൂപ ചെലവഴിച്ച് വീട് പുതുക്കി പണിതത്. നേരത്തെ ബിന്ദുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചിരുന്നു. മകള്‍ക്കുള്ള ചികിത്സ ഉറപ്പാക്കുകയും മകന് ദേവസ്വം ബോര്‍ഡ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ജോലി നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. ജോലിയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് വരും ദിവസങ്ങളില്‍ ഉണ്ടാകും. അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിച്ചും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും ഒരുങ്ങിയ വീട് വലിയ ദുഃഖത്തിലും കൂടുബത്തിന് ആശ്വാസമേകട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്നേഹവീടിന്റെ താക്കോൽദാനം ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു. തുറമുഖം-ദേവസ്വം-സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ, സി. കെ. ആശ എം എൽ എ,  രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മെഡിക്കൽ കോളജ് പതിനാലാം വാര്‍ഡിലെ കെട്ടിടത്തിന്‍റ ഭിത്തി ഇടിഞ്ഞു വീണുണ്ടായ അപകടത്തിലാണ് ബിന്ദു മരണപ്പെട്ടത്. മകൾ നവമിയുടെ ചികിത്സയ്ക്കായി ഒപ്പം നിൽക്കാൻ എത്തിയതായിരുന്നു തലയോലപ്പറമ്പിലെ വസ്ത്രശാലയിലെ ജീവനക്കാരിയായിരുന്ന ബിന്ദു.