കോട്ടയം: ഗൾഫിൽ ജോലി ചെയ്യുന്നതിനിടെ കുവൈറ്റ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ 13 മലയാളി നഴ്‌സുമാർക്കെതിരെ കേരളത്തിൽ കേസ് രജിസ്റ്റർ ചെയ്തു. കുവൈറ്റിലെ അൽ അഹ്‍ലി പ്രതിനിധികൾ ആണ് കേരളത്തിൽ പോലീസിനെ സമീപിച്ചു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 13 നഴ്‌സുമാർ തിരിച്ചടയ്ക്കാനുള്ള വായ്പാ തുക 10.33 കോടി രൂപയാണ്. ഓരോ നഴ്സിനും 61 ലക്ഷം രൂപ മുതൽ 91 ലക്ഷം രൂപ വരെയാണ് കുടിശ്ശിക എന്ന് ബാങ്ക് അധികൃതിതർ പറയുന്നു. സമാനമായ രീതിയിൽ വായ്പ തിരിച്ചടയ്ക്കാതിരുന്ന മലയാളികൾക്കെതിരെ കേരളത്തിൽ 2024 ഡിസംബറിൽ ഗൾഫ് ബാങ്ക് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഗൾഫ് ബാങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം-എറണാകുളം ജില്ലകളിലായി 10 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇടയിൽ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്തിരുന്ന നഴ്‌സുമാരാണ് വായ്പ എടുത്തിട്ടുള്ളത്. ശമ്പള സർട്ടിഫിക്കറ്റ് ജാമ്യം നൽകി വായ്പയെടുത്ത ശേഷം കരാർ അവസാനിച്ചതോടെ വായ്പ അടച്ചു തീർക്കാതെ നാട്ടിലേക്ക് മുങ്ങിയിരിക്കുന്നത്. സംഭവത്തിൽ ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് കോട്ടയം ജില്ലയിലാണ്. കുറവിലങ്ങാട്, അയർക്കുന്നം, വെളളൂർ, കടുത്തുരുത്തി, വൈക്കം, തലയോലപ്പറമ്പ് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലായി കോട്ടയത്ത് എട്ട് കേസുകൾ ഫയൽ ചെയ്തു. പുത്തൻകുരിശ്, പോത്താനിക്കാട്, വരാപ്പുഴ, അങ്കമാലി പോലീസ് സ്റ്റേഷനുകൾ ഉൾപ്പെടെ എറണാകുളത്ത് അഞ്ച് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെ കണ്ടെത്താനും തുക തിരിച്ചടയ്ക്കാനും കേരളത്തിൽ പോലീസിന്റെ സഹായം തേടിയിരിക്കുകയാണ് ബാങ്ക് അധികൃതർ. വായ്പയെടുത്ത ശേഷം നാട്ടിലേക്കും മറ്റു രാജ്യങ്ങളിലേക്കും ഇവർ കടന്നു കളഞ്ഞിരിക്കുന്നതിനാൽ പണം തിരികെ അടപ്പിക്കാൻ ബാങ്കിന് സാധിച്ചിരുന്നില്ല. മികച്ച അവസരങ്ങൾ ലഭിച്ചവരാണ് എല്ലാവരും മറ്റു രാജ്യങ്ങളിൽ മികച്ച ശമ്പളത്തിൽ ജോലി ചെയ്യുന്ന ഇവർ ഇതുവരെയും വായ്പ തുക തിരിച്ചടയ്ക്കാൻ തയ്യാറായിട്ടില്ല. ആദ്യം ചെറിയ തുകകൾ വായ്പ എടുത്ത് കൃത്യമായി അടയ്ക്കും. പിന്നീട് വലിയ തുകകൾ വായ്പ എടുത്തശേഷം നാട്ടിലേക്കോ മറ്റു രാജ്യങ്ങളിലേക്കോ കടക്കും എന്ന് ബാങ്ക് അധികൃതർ പറയുന്നു. ബാങ്കിൽ നിന്ന് വായ്പയെടുത്തശേഷം അമേരിക്ക, കാനഡ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്കും കേരളത്തിലേക്കും കുടിയേറിയെന്നാണ് അധികൃതര്‍ നൽകുന്ന വിവരം. ഇത്തരത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ ലുക്ക് ഔട്ട് നോടീസ് നൽകും.തുടർന്ന് ഇവർ കേരളത്തിലെത്തിയാൽ അപ്പോൾ തന്നെ അറസ്റ്റ് ചെയ്യും. വൈക്കത്ത് 86.65 ലക്ഷം രൂപയുടെ തട്ടിപ്പിൽ പടിഞ്ഞാറേ നട സ്വദേശി ജിഷയ്ക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വെള്ളൂരിൽ 61 ലക്ഷം രൂപയുടെ തട്ടിപ്പിൽ കീഴൂർ സ്വദേശി റോബി മാത്യുവിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏറ്റവും കൂടിയ തുകയുടെ തട്ടിപ്പ് തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ രജിസ്ട്രർ ചെയ്ത 1.20 കോടിയുടെതാണ്. പ്രിയദർശൻ എന്ന വ്യക്തിക്കെതിരെയാണ് കേസ്. അയർകുന്നം 81 ലക്ഷം, കടുത്തുരുത്തിയിൽ 80 ലക്ഷത്തിന്റെ തട്ടിപ്പിനും കേസെടുത്തു. കൊങ്ങാണ്ടൂർ സ്വദേശി ടോണി, കടുത്തുരുത്തി സ്വദേശി റെജിമോൻ എന്നിവർക്കെതിരെയാണ് കേസ്. ഉഴവൂർ സ്വദേശികളായ സിജോ മോൻ ഫിലിപ്പ്, ജോജോ മാത്യു, സുമിത മേരി എന്നിവർക്കെതിരെയാണ് കുറവിലങ്ങാട് പൊലീസിന്റെ കേസ്. യഥാക്രമം 73.17 ലക്ഷം, 86.45 ലക്ഷം, 61.90 ലക്ഷം എന്നീ രൂപയുടെ തട്ടിപ്പാണ് ഇവർ നടത്തിയിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പ്, വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഗൾഫ് ബാങ്കിന് പിന്നാലെ കുവൈറ്റ് അൽ അഹ്‍ലി ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ 13 മലയാളി നഴ്‌സുമാർക്കെതിരെ കേരളത്തിൽ കേസ്
