അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സെന്ററുകളല്ല, സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ അവകാശമില്ല: ഹൈക്കോടതി.


കൊച്ചി: സംസ്ഥാനത്ത് സർക്കാർ-സർക്കാർ ഇതര  സേവനങ്ങൾ നൽകുന്ന അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സെന്ററുകളല്ല എന്നും സേവന കേന്ദ്രങ്ങൾ ആണെന്നും ഇതിനാൽ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ അവകാശമില്ല എന്നും ഹൈക്കോടതി. അക്ഷയ സെന്ററുകളിലെ സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹർജിയിലാണ് നടപടി. ഓൾ കേരള അക്ഷയ എന്റര്‍പ്രണേഴ്‌സ് കോണ്‍ഫെഡറേഷന്റെ ഹരജിയും കോടതി തള്ളി. കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തി ഉത്തരവിട്ടത്. കെ-സ്മാര്‍ട്ട് വഴിയുള്ള 13 സേവനങ്ങള്‍ക്കാണ് പുതിയ നിരക്കുകള്‍ നിശ്ചയിച്ചത്. പല കേന്ദ്രങ്ങളിലും വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നുവെന്ന പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നുമുള്ള സേവനങ്ങള്‍ക്ക് പുതിയ സര്‍വീസ് ചാര്‍ജ് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജോലിയുടെ വ്യാപ്തി, ചിലവ് തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് ഹർജി സമർപ്പിച്ചത്. അവശ്യ സേവനങ്ങള്‍ക്കു വേണ്ടി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരോട് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ഉടമകള്‍ക്ക് അവകാശമില്ലെന്ന് ഹൈകോടതി വ്യക്തമാക്കി. ജസ്റ്റിസ് എന്‍. നഗരേഷിന്റേതാണ് ഉത്തരവ്.