കോട്ടയം: ഭർത്താവും വീട്ടുകാരുമായി പിണങ്ങി സ്വന്തം വീട്ടിലെത്തിയ യുവതി വാട്സാപ്പിൽ സ്റ്റാറ്റസ് ആയി പങ്കുവെച്ചത് ഇങ്ങനെ: "ജീവിതം മടുത്തു ഇങ്ങനെ ജീവിക്കാൻ ഒട്ടും താല്പര്യം ഇല്ല ജീവിതം അവസാനിപ്പിക്കുകയാണ്,കുഞ്ഞിനെ കരുതിയാണ് ഇത്രയും നാൾ പിടിച്ചു നിന്നത് " എന്ന് എഴുതി തയ്യാറാക്കിയ കുറിപ്പ്.
ഇതു കണ്ട യുവതിയുടെ കൂട്ടുകാരി കുറിപ്പിന്റെ കോപ്പിയും വിവരവും പൊതുജനങ്ങൾക്ക് രഹസ്യ വിവരങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള 9497932001 എന്ന ജില്ലാ പോലീസ് മേധാവിയുടെ വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുകയായിരുന്നു. മെസ്സേജ് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ജില്ലാ കമ്പ്യൂട്ടർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ വിവരം ചിങ്ങവനം പോലീസ് എസ് എച് ഒയ് ക്ക് കൈമാറി. ഒരു നിമിഷം പോലും പാഴാക്കാതെ ചിങ്ങവനം എസ് ഐ വിഷ്ണു വി വി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവതിയുടെ വീട്ടിലെത്തുകയും മാനസികമായി തകർന്നിരുന്ന യുവതിയുമായും വീട്ടുകാരുമായും സംസാരിക്കുകയും എതിർകക്ഷികളായ ഭർത്താവിനെയും മാതാപിതാക്കളെയും വിളിച്ചുവരുത്തി സംസാരിച്ചു പരിഹാരം കാണുകയും ചെയ്യുകയായിരുന്നു. വാട്സ്ആപ്പ് മെസ്സേജ് വിവരം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കൃത്യമായ രീതിയിൽ ഒരു നിമിഷം പോലും പാഴാക്കാതെ പ്രവർത്തിച്ച ചിങ്ങവനം പോലീസ് ഒരു ജീവിതം തിരികെ കൊണ്ടു വരികയാണ് ചെയ്തത്. സുഹൃത്തിന്റെ ആത്മഹത്യാക്കുറിപ്പ് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഉചിതമായ രീതിയിൽ പ്രതികരിച്ച് സുഹൃത്തിന്റെ ജീവൻ രക്ഷിച്ച യുവതിയുടെ കൂട്ടുകാരിയുടെ അനുകരണീയമായ പ്രവർത്തിക്ക് ജില്ലാ പോലീസ് അഭിനന്ദനങ്ങൾ അറിയിച്ചു.