ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട 108 ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞ് നഴ്‌സിന് ദാരുണാന്ത്യം.


ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട 108 ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞ് നഴ്‌സിന് ദാരുണാന്ത്യം. ഏറ്റുമാനൂർ പുന്നത്തുറയിൽ ആണ് അപകടം ഉണ്ടായത്.  നിയന്ത്രണം നഷ്ടമായ 108 ആംബുലൻസ് കാറിൽ ഇടിച്ച് മറിയുകയായിരുന്നു.  അപകടത്തിൽ കട്ടപ്പന സ്വദേശിയായ മെയിൽ നഴ്‌സ് ജിതിൻ ആണ് മരിച്ചത്.  ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ഏറ്റുമാനൂർ പാലാ റോഡിൽ പുന്നത്തുറ കവലയ്ക്ക് സമീപമായിരുന്നു അപകടം. ആംബുലൻസ് ഡ്രൈവറും രോഗികളും അടക്കം മൂന്നു പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ആംബുലൻസ് യാത്രക്കാരായ ഇടുക്കി നെടുങ്കണ്ടം സ്വദേശികളായ ഷിനി, തങ്കമ്മ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കിയിൽ നിന്നും രോഗിയുമായി പോകുകയായിരുന്ന 108 ആംബുലൻസ് നിയന്ത്രണം നഷ്ടമായി റോഡരികിൽ നിന്നും തെന്നി മാറി എതിർ ദിശയിൽ നിന്നും എത്തിയ കാറിൽ ഇടിച്ച് മറിയുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറഞ്ഞു.  അപകടത്തിൽ ആംബുലൻസിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. കാറിന്റെ മുൻഭാഗവും തകർന്നു.  ഓടിയെത്തിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ  ആശുപത്രിയിൽ എത്തിച്ചത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു