കോട്ടയം: കോട്ടയം ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു ഇന്നും ചൊവ്വാഴ്ചയും ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ജില്ലയിൽ തിങ്കളാഴ്ച മഞ്ഞ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥാവകുപ്പ് അർഥമാക്കുന്നത്. ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാലും മഴ മുന്നറിപ്പുകളുടെ പശ്ചാത്തലത്തിലും കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽക്കല്ല്, എന്നിവിടങ്ങളിലെ പ്രവേശനം ഓഗസ്റ്റ് ആറുവരെ നിരോധിച്ചു ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മഴ മുന്നറിപ്പുകളുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ എല്ലാവിധ ഖനനപ്രവർത്തനങ്ങളും ഓഗസ്റ്റ് മൂന്നുമുതൽ ആറുവരെ നിരോധിച്ചു ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവിറക്കി.