ന്യൂഡൽഹിയിൽ നിന്നും അക്ഷരനഗരിയിലേക്ക്, ആദ്യത്തെ ജില്ലാ കളക്ടർ പദവി, കോട്ടയം ജില്ലയുടെ അമ്പതാമത് ജില്ലാ കലക്ടറായി ചേതൻ കുമാർ മീണ.


കോട്ടയം: കോട്ടയം ജില്ലയുടെ അമ്പതാമത് ജില്ലാ കലക്ടറായി ചേതൻ കുമാർ മീണ ഉടൻ ചുമതലയേൽക്കും. രാജസ്ഥാനിലെ ജയ്സൽമേറിലാണ് 2018 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ചേതൻ കുമാർ മീണയുടെ ജന്മനാട്.

 

 ദുഖങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ ജീവിത സാഹചര്യത്തിൽ നിന്നുമാണ് ആദ്യശ്രമത്തിൽ തന്നെ 594-ാം റാങ്ക് നേടി ഐഎഎസ് കരസ്ഥമാക്കിയത്. ഐഐടിയിൽ പഠിക്കാനായിരുന്നു ആഗ്രഹിച്ചതെങ്കിലും പണമില്ലാഞ്ഞതിനാൽ ബിരുദത്തിനു ചേരുകയായിരുന്നു. തുടർന്ന് സിവിൽ സർവ്വീസ് പരിശീലനത്തിനും പണം വില്ലനായപ്പോൾ പകൽ പണിയെടുത്തും രാത്രി പഠിച്ചും ആദ്യശ്രമത്തിൽ തന്നെ ഐഎഎസ് കരസ്ഥമാക്കി.

 

 2023 മുതൽ ന്യൂഡൽഹിയിൽ കേരള ഹൗസ് അഡീഷണൽ റെസിഡെന്റ് കമ്മിഷണർ ആയി സേവനമനുഷ്ഠിക്കുകയാണ് ചേതൻ കുമാർ മീണ. ഒറ്റപ്പാലം അസിസ്റ്റന്റ് കളക്ടറായിട്ട് ആദ്യ നിയമനം പാലക്കാടായിരുന്നു. തിരുവല്ല, കൊല്ലം, നെടുമങ്ങാട് എന്നിവിടങ്ങളിൽ സബ് കളക്ടറായിട്ടുണ്ട്. ഒപ്പം സബ് ഡിവിഷണൽ മജിസ്ട്രേറ്റും. സാമൂഹികനീതി വകുപ്പ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വലിയ ശ്രദ്ധ നേടിയ ചിറക്കര പാടത്ത് നിരോധന ഉത്തരവ് ലംഘിച്ച് മരമടി മത്സരം നടത്താനുള്ള ശ്രമം തടഞ്ഞത് 2022-ൽ കൊല്ലത്ത് സബ് കളക്ടറായിരുന്നപ്പോഴായിരുന്നു. സമൂഹമാധ്യമങ്ങളിൽ ഒരു ലക്ഷത്തോളം ഫോളോവേഴ്സുണ്ട് മീണയ്ക്ക്. ബഞ്ജി ജംപിങ്ങും അടക്കം സാഹസിക പ്രവർത്തനങ്ങളും യാത്രയുമാണ് ഇഷ്ടമേഖല. ലേഡി ഹാർഡിങ്‌ മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റ് ഡോ.ശാലിനി മീണയാണു ജീവിതപങ്കാളി. ഇസ്രായേൽ-ഇറാൻ സംഘർഷ സമയത്ത് ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരികെയെത്തിച്ച ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ ഏകോപിപ്പിച്ചത് കേരള ഹൗസിന്റെ അഡിഷണൽ റസിഡന്റ് കമ്മീഷണറായ ചേതൻ കുമാർ മീണയുൾപ്പടെയുള്ള ഉദ്യോഗസ്ഥരാണ്.